മഴയില്ലെങ്കിലും അടിപ്പാതകളിൽ വെള്ളക്കെട്ട് തന്നെ
text_fieldsബംഗളൂരു: നഗരത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ കാര്യമായ മഴ പെയ്തില്ലെങ്കിലും കാൽനടക്കുള്ള അടിപ്പാതകൾ വെള്ളത്തിൽ തന്നെ. കഴിഞ്ഞ ബുധനാഴ്ച പെയ്ത ശക്തമായ മഴയിൽ കയറിയ വെള്ളമാണ് ഇപ്പോഴും കെട്ടിനിൽക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തതിനാൽ കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഈ പാതകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
നഗരത്തിലെ മിക്ക അടിപ്പാതകളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് കാൽനടക്കാർ പറയുന്നു. മിക്ക പാതകളുടെയും അവസ്ഥ നേരത്തേ തന്നെ ശോച്യമാണ്. അറ്റകുറ്റപ്പണികൾ നടത്താറില്ല. ശുചീകരണവും ഇല്ല. ഇതിനാൽ തന്നെ ഇവ ഉപയോഗിക്കുന്നത് സുരക്ഷിതവുമല്ല. ഇതിനു പുറമെയാണ് ഇപ്പോൾ വെള്ളം കയറിയ പ്രശ്നവും. നൃപതുംഗ റോഡ്, രാജ്ഭവൻ റോഡുകളിലെ അടിപ്പാതകളിലെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാൻ സുരക്ഷജീവനക്കാർ പാടുപെടുകയാണ്.
ഇതിനായി ബി.ബി.എം.പി ആവശ്യമായ ഉപകരണങ്ങൾ നൽകുന്നില്ല. ഉള്ള ഉപകരണങ്ങൾ തന്നെ കേടുവന്നതുമാണ്. തങ്ങൾ നിസ്സഹായരാണെന്നാണ് സുരക്ഷ ജീവനക്കാർ പറയുന്നത്. അടിപ്പാതയിലെ വെള്ളക്കെട്ട് മൂലം പ്രയാസങ്ങളുണ്ടെന്ന് ബി.ബി.എം.പി അധികൃതരും സമ്മതിക്കുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ ജീവനക്കാരെ ഏർപ്പെടുത്തുകയും ഉപകരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഉടൻ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ബി.ബി.എം.പി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ളാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.