ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥർ -ബംഗളൂരു ആർച്ച് ബിഷപ്
text_fieldsബംഗളൂരു: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനും പാലിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും വിശ്വാസം സംരക്ഷിക്കാൻ പോരാടുമെന്നും ബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞു. വിശ്വാസം, പ്രതീക്ഷ, സേവനം എന്നീ മൂന്നു തൂണുകളിലൂന്നിയാണ് ക്രൈസ്തവ സഭയുടെ നിലനിൽപ്. ബംഗളൂരുവിൽ ഓർത്തഡോക്സ് ആരാധന ആരംഭിച്ച് 75 വർഷമായതിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭദ്രാസനത്തിന്‍റെ പത്താം വാർഷികാഘോഷത്തിന്‍റെയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് സഭ ബംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു.
സാമൂഹിക സേവനം സഭയുടെ മുഖ്യദൗത്യമാണെന്നും കോവിഡ് കാലത്തും വിശ്വാസികൾ ഇക്കാര്യത്തിൽ മാതൃക കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനെതിരെ വിശ്വാസികൾ ഒന്നിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. ചലച്ചിത്ര നിർമാതാവ് കെ.ടി. കുഞ്ഞുമോൻ പങ്കെടുത്തു. പുതുതായി സ്ഥാനമേറ്റെടുത്ത ഏഴ് മെത്രാപ്പോലീത്തമാരെ ചടങ്ങിൽ ആദരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയ മാത്യു, പ്ലാറ്റിനം ജൂബിലി വൈസ് പ്രസിഡന്‍റ് ഫാ. സന്തോഷ് സാമുവൽ, കൺവീനർ കെ.കെ. സൈമൺ എന്നിവർ നേതൃത്വം നൽകി. മദ്രാസ് ഭദ്രാസനത്തിന്‍റെ ഭാഗമായിരുന്ന കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഇടവകകൾ ചേർന്ന് 2009ലാണ് ബാംഗ്ലൂർ ഭദ്രാസനം നിലവിൽ വന്നത്. ഇപ്പോൾ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, യു.എ.ഇ യിലെ റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 23 പള്ളികളും, ഏഴ് കോൺഗ്രിഗേഷനുകളും മൈസൂരിലും ആന്ധ്രപ്രദേശിലെ ഏലൂരിലും മിഷൻ സെന്ററുകളും, മൈസൂരിലും ആന്ധ്രപ്രദേശിലെ രാമഗുണ്ടത്തും സ്കൂളുകളും ഭദ്രാസനത്തിനുണ്ട്. ബംഗളൂരുവിലെ ദൊഡ്ഡഗുബ്ബിയിൽ ഭദ്രാസന ആസ്ഥാനവും ബിഷപ് ഹൗസും ദൊഡ്ഡബെല്ലാപൂരിൽ വിദ്യാഭ്യാസ സ്ഥാപനവും ഉടൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.