മെട്രോക്ക് മുന്നിൽ ചാടിയ മുൻ സൈനികനെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: നമ്മ മെട്രോ ട്രെയിനിന് മുന്നിൽ ചാടിയ മുൻ എയർഫോഴ്സ് ജീവനക്കാരനെ രക്ഷപ്പെടുത്തി. ഗ്രീൻ ലൈനിൽ ജാലഹള്ളി മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 10.25നാണ് സംഭവം.
മെട്രോ ജീവനക്കാരുടെ സമയോചിത ഇടപെടലാണ് ജീവൻ രക്ഷിച്ചത്. സംഭവത്തെത്തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ സർവിസുകൾ അൽപനേരത്തേക്ക് നിർത്തിവെച്ചു. ബിഹാർ സ്വദേശിയായ അനിൽകുമാർ പാണ്ഡെയാണ് (29) മെട്രോ ട്രെയിനിന് മുന്നിൽ ചാടിയതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) വ്യക്തമാക്കി.ഇയാൾ ട്രാക്കിലേക്ക് ചാടിയ ഉടൻ മെട്രോ ജീവനക്കാർ എമർജൻസി ട്രിപ് സിസ്റ്റം (ഇ.ടി.എസ്) പ്രവർത്തിപ്പിച്ച് രക്ഷിക്കുകയായിരുന്നു. ഇയാൾക്ക് പരിക്കുകളൊന്നുമില്ല.
സംഭവത്തെ തുടർന്ന് 25 മിനിറ്റ് നേരത്തേക്ക് ലൈനിൽ സർവിസുകൾ നിർത്തിവെച്ചു. ഗ്രീൻ ലൈനിലെ മുഴുവൻ ട്രെയിൻ സർവിസുകളും രാവിലെ 10.50ന് പുനരാരംഭിച്ചു. രാവിലെ 10.25 മുതൽ 10.50 വരെ, ഗ്രീൻ ലൈനിൽ യശ്വന്ത്പൂരിനും സിൽക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിൽ നാല് ട്രെയിനുകൾ സർവിസ് നടത്തിയതായി ബി.എം.ആർ.സി.എൽ അറിയിച്ചു.
കഴിഞ്ഞ ജനുവരി അഞ്ചിന് 23കാരനായ മലയാളി യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തലക്ക് ഗുരുതര പരിക്കും നെഞ്ചിൽ പൊള്ളലുമേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം തിരക്കുള്ള വൈകുന്നേരമായിരുന്നതിനാൽ 48 മിനിറ്റ് സർവിസ് മുടങ്ങിയിരുന്നു. പുതുവത്സര ദിനത്തിൽ ട്രാക്കിൽ വീണ തന്റെ മൊബൈൽ ഫോൺ എടുക്കാൻ യാത്രക്കാരി ചാടിയതും സർവിസ് തടസ്സപ്പെടുത്തിയിരുന്നു. പർപ്ൾ ലൈനിലായിരുന്നു സംഭവം. കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് 30കാരനായ ബിഹാർ സ്വദേശി ട്രാക്കിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി. പർപ്ൾ ലൈനിൽ ജ്ഞാനഭാരതി സ്റ്റേഷനിലായിരുന്നു സംഭവം. കൃത്യസമയത്ത് ഇ.ടി.എസ് പ്രവർത്തിപ്പിച്ച് സുരക്ഷ ജീവനക്കാർ ഇയാളെ രക്ഷിച്ചു. കഴിഞ്ഞ മാർച്ചിൽ ഇതേ ലൈനിൽ അത്തിഗുപ്പെ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടിയയാൾ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.