അമിത മഴ: കാപ്പി മേഖലക്ക് ഭീഷണി
text_fieldsമംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ കാപ്പികൃഷി മേഖലക്ക് ഭീഷണിയായി. ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ അതിശക്ത മഴ ലഭിച്ച കുടക്, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ നവംബറിലും കനത്ത മഴ പെയ്തതാണ് ഭീഷണിയെന്ന് കർഷകർ പറയുന്നു.ചിക്കമഗളൂരുവിൽ ജൂലൈ -ആഗസ്റ്റിൽ സാധാരണ ശരാശരിയായ 497.7 മില്ലിമീറ്ററിൽ നിന്ന് 1,101 മില്ലിമീറ്ററായാണ് ഉയർന്നത്.
കുടകിൽ സാധാരണയിലെ 767.3 മില്ലിമീറ്ററിൽനിന്ന് 1,179.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഹാസൻ ജില്ലയിൽ 38 ശതമാനം അധികമായി മഴ പെയ്തു.മഴ കായകൾ ചീയുന്നതിനും ഫംഗസ് ബാധക്കും കാരണമായി, 70 ശതമാനം വരെ വിളനാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. കാറ്റിൽ തണൽമരങ്ങൾ കടപുഴകിയും കാപ്പിത്തോട്ടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന തെക്കൻ കുടകിലെ തോട്ടങ്ങളിൽ കായ കൊഴിഞ്ഞും കുമിൾ രോഗങ്ങൾ മൂലവും പകുതിയോളം വിളനാശമുണ്ടായതായി കുടക് പ്ലാന്റേഴ്സ് അസോസിയേഷൻ കോഫി ബോർഡിനെ അറിയിച്ചു.
2018ലെ പ്രളയം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കാപ്പി കർഷകർ കരകയറുന്നതേയുള്ളൂ. കഴിഞ്ഞ ഏപ്രിൽ- മേയ് മാസങ്ങളിൽ അസാധാരണമായ ഉയർന്ന താപനിലയായിരുന്നു ഭീഷണി. വെളുത്ത തണ്ടുതുരപ്പൻ കീടങ്ങളുടെ ആക്രമണമായിരുന്നു ആ സീസണിലെ ഭീഷണി. തുടർന്ന് റിലേ ദുരന്തവുമായി വിടാതെ മഴയെത്തി.
ഒക്ടോബറോടെ മഴ പൂർണമായി മാറി മാനവും കർഷക മനസ്സും തെളിയേണ്ടതായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ നവംബറിലെ തുടർച്ചയായ മഴ എല്ലാം തകിടംമറിച്ചു. രാജ്യത്തെ കാപ്പിയുൽപാദനത്തിന്റെ 70 ശതമാനവും വിളയുന്ന കർണാടകയിലെ ഈ മൂന്ന് ജില്ലകളിലെ പ്രതിസന്ധി ദേശീയ ദുരന്തമായി കണ്ട് സർക്കാർ സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.