സ്ഫോടന കേസ്; പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ
text_fieldsഅറസ്റ്റിലായ
മുസമ്മിൽ ശരീഫ്
ബംഗളൂരു: വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള രണ്ടു പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഒളിവിലുള്ള പ്രതികളായ അബ്ദുൽ മതീൻ അഹമ്മദ് താഹ (30), മുസവ്വിർ ഹുസൈൻ ഷസീബ് (30) എന്നിവരുടെ ഫോട്ടോകളും എൻ.ഐ.എ പുറത്തുവിട്ടു. മുസവ്വിർ ഹുസൈനാണ് കഫേയിൽ ബോംബ് വെച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അബ്ദുൽ മതീൻ താഹയാണ് സൂത്രധാരൻ. ഇയാൾ ഡി. വിഗ്നേഷ്, സുമിത് എന്നീ പേരുകളിലും വേഷം മാറി നടന്നിരുന്നു. മുസവ്വിർ ഹുസൈനാകട്ടെ മുഹമ്മദ് ജുനൈദ് എന്ന പേരിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്തിയിരുന്നു.
2020ൽ അൽ ഹിന്ദ് മൊഡ്യുൾ കേസിൽ ഉൾപ്പെട്ടതിനെതുടർന്ന് ഇരുവരും അന്നുമുതൽ ഒളിവിലാണെന്ന് എൻ.ഐ.എ പറഞ്ഞു. ഇവർക്കെതിരെ നാല് തീവ്രവാദകേസുകൾ നിലവിലുണ്ട്. 2020ൽ മംഗളൂരു തീവ്രവാദ അനുകൂല ചുമരെഴുത്ത് നടത്തിയ കേസ്, 2022 സെപ്റ്റംബറിൽ ശിവമൊഗ്ഗ സ്ഫോടന കേസ്, 2022 നവംബറിൽ മംഗളൂരുവിലെ കുക്കർ ബോംബ് സ്ഫോടന കേസ്, 2024 മാർച്ച് ഒന്നിലെ ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസ് എന്നിവയാണിവ. അതേസമയം, കഫേ സ്ഫോടന കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ചിക്കമഗളൂരു കാലസ സ്വദേശി മുസമ്മിൽ ശരീഫിനെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി വിശദമായ ചോദ്യം ചെയ്യലിനായി ഏഴുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. കേസിൽ ഇതുവരെ ഇയാൾ മാത്രമാണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ 16 വർഷമായി ബംഗളൂരുവിൽ വിവിധ ജോലികൾ ചെയ്തുവരികയാണ്. അടുത്തിടെ ബസവേശ്വര നഗറിൽ കോഴിക്കടയിൽ ജോലി ചെയ്തിരുന്നു. ബോംബ് വെച്ച മുസവ്വിർ ഹുസൈന് ബംഗളൂരുവിൽ അഭയമൊരുക്കിയത് മുസമ്മിൽ ശരീഫാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.