ഗ്യാൻവാപി മസ്ജിദിൽ പൂജ അനുമതി വിധിച്ച ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഭിഭാഷകൻ അറസ്റ്റിൽ; സംഘർഷം
text_fieldsബംഗളൂരു: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകി വിധി പ്രസ്താവിച്ച വാരാണസി ജില്ല ജഡ്ജിയെ ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട രാമനഗർ ജില്ലയിലെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമനഗർ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഇജൂർ സ്വദേശി ചാന്ദ് പാഷയാണ് മുതിർന്ന അഭിഭാഷകൻ ബി.എം. ശ്രീനിവാസയുടെ പരാതിയെതുടർന്ന് അറസ്റ്റിലായത്.
ബി.ജെ.പിയും തീവ്ര ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
സമൂഹമാധ്യമങ്ങളിലും ഗ്രൂപ്പുകളിലും പോസ്റ്റ് പ്രചരിച്ചതോടെ ബാർ അസോസിയേഷൻ യോഗം ചേർന്നാണ് അസോസിയേഷൻ അംഗമായ പാഷക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചത്.
തെറ്റായ ആരോപണം ഉന്നയിച്ച് പാഷക്കെതിരെ നടത്തുന്ന നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷന് നിവേദനം സമർപ്പിക്കാൻ ചെന്ന തന്നെയും ഒപ്പമുള്ളവരെയും അഭിഭാഷകർ തടഞ്ഞുവെച്ച് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി രാമനഗരയിലെ വ്യാപാരി റഫീഖ് ഖാൻ പരാതിപ്പെട്ടു.
ഗ്യാൻവാപിയിലേത് പള്ളിയല്ലെന്ന് അവകാശപ്പെട്ട അഭിഭാഷകർ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തു. ഈ പരാതിയിൽ കേസെടുത്തതിൽ അഭിഭാഷകർ ജില്ല കോടതി ബഹിഷ്കരിച്ച് പരിസരത്ത് പ്രതിഷേധിച്ചു. 40 അഭിഭാഷകരെ പ്രതി ചേർത്ത് ഇജൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തൻവീർ ഹുസൈൻ കേസെടുത്തു.
അഡ്വ. പാഷയുടെ അറസ്റ്റും എസ്.ഐ തൻവീർ ഹുസൈന്റെ സസ്പെൻഷനും ആവശ്യപ്പെട്ട് കർണാടക ബാർ കൗൺസിൽ ചെയർമാൻ അഡ്വ. എച്ച്.എൽ. വിശാൽ രഘുവിന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡിക്ക് നിവേദനം നൽകി. ഇതേത്തുടർന്നാണ് പാഷയുടെ അറസ്റ്റുണ്ടായത്.
ഇദ്ദേഹം പാർട്ടി കാഡറാണെന്ന് എസ്.ഡി.പി.ഐ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ ‘മാധ്യമ’ത്തോട് പറഞ്ഞു.
എസ്.ഐയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബാർ കൗൺസിൽ എസ്.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.