വ്യാജ വാർത്ത തടയാൻ കർണാടകയിൽ വസ്തുത പരിശോധന യൂനിറ്റ്
text_fieldsബംഗളൂരു: വ്യാജ വാർത്തകളും സൈബർ കുറ്റകൃത്യങ്ങളും തടയാൻ ലക്ഷ്യമിട്ട് കർണാടകയിൽ പ്രത്യേക വസ്തുത പരിശോധന യൂനിറ്റ് സ്ഥാപിക്കും. ഇതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും സൈബർ ക്രിമിനൽ പ്രവർത്തനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വിദഗ്ധരുടെ നേതൃത്വത്തിലുള്ള പുതിയ വസ്തുത പരിശോധന യൂനിറ്റ് വ്യാജവാർത്തകൾ പിന്തുടരുകയും അതിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്യും. വാർത്ത സത്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിക്കും. മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമ ഉപയോക്താക്കളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണോ യൂനിറ്റ് കൈകാര്യം ചെയ്യുക അതോ സർക്കാറുമായി ബന്ധപ്പെട്ട വാർത്തകളാണോ എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സർക്കാറുമായി ബന്ധപ്പെട്ട വാർത്തകൾ വസ്തുത പരിശോധന യൂനിറ്റ് പരിശോധിക്കുന്ന സമാനമായ പദ്ധതി പ്രഖ്യാപിച്ചതിന് കേന്ദ്രസർക്കാർ അടുത്തിടെ വിമർശനത്തിന് വിധേയമായിരുന്നു. ഏത് തരത്തിലുള്ള വാർത്തകളാണ് യൂനിറ്റ് കൈകാര്യം ചെയ്യുന്നതെന്നും ഇതിൽ സർക്കാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുന്നുണ്ടോയെന്നും കർണാടക വ്യക്തമാക്കിയിട്ടില്ല.
സമൂഹ മാധ്യമങ്ങളിൽ ബംഗളൂരു പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും ഒരു പ്രത്യേക വസ്തുത പരിശോധന യൂനിറ്റ് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കർണാടക ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഇതിനെ പിന്തുണച്ച് രംഗത്തുവന്നു.
അനിയന്ത്രിതമായ തെറ്റായ വിവരങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ, ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതും ഉടനടി തിരുത്തുന്നതും ആവശ്യമാണെന്ന് പരമേശ്വര പറഞ്ഞു.
ജൂണിലാണ് കർണാടകയിൽ വസ്തുത പരിശോധന യൂനിറ്റ് എന്ന ആശയം സർക്കാർ ആദ്യം മുന്നോട്ടുവെച്ചത്. യൂനിറ്റ് ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള പദ്ധതികൾ രൂപവത്കരിക്കാൻ തിങ്കളാഴ്ച യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.