കർഷക അവകാശങ്ങൾ സംരക്ഷിക്കണം -വെൽഫെയർ പാർട്ടി
text_fieldsബംഗളൂരു: കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ന്യായമായ ആവശ്യങ്ങൾ സർക്കാർ പാലിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ കർഷക ദിനത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിൽ വെൽഫെയർ പാർട്ടി ധർണ നടത്തി.
രാജ്യത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കർഷക ജനതയുടെ നട്ടെല്ല് വികലമായ നയങ്ങളാൽ സർക്കാർ തകർക്കുകയാണെന്ന് കർണാടക അധ്യക്ഷൻ അഡ്വ. താഹിർ ഹുസൈൻ പറഞ്ഞു.
രാജ്യത്തെ കർഷകർക്കു പകരം കോർപറേറ്റുകളെയാണ് സർക്കാർ സംരക്ഷിക്കുന്നത്. ഐതിഹാസികമായ ഡൽഹി സമരത്തിന് ശേഷവും സർക്കാർ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാമീനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കുക, ഭൂരഹിത കർഷകർക്ക് അഞ്ചേക്കർ ഭൂമി അനുവദിക്കുക, സബ്സിഡി നിരക്കിൽ മികച്ച വിത്തിനങ്ങൾ കർഷകർക്ക് വിതരണം ചെയ്യുക, രാജ്യത്തുടനീളം താങ്ങുവില ഏർപ്പെടുത്തുക, കർഷകരുടെ ചെറിയ വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ വെൽഫെയർ പാർട്ടി മുന്നോട്ടുവെച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബുല്ലാ ഖാൻ, വനിത വിങ് പ്രസിഡന്റ് തലത് യാസ്മിൻ, ബംഗളൂരു നോർത്ത് പ്രസിഡന്റ് ഫസൽ അഹമ്മദ്, ബംഗളൂരു സൗത്ത് പ്രസിഡന്റ് ഹുസൈൻ ഷെയ്ക്ക്, ജനറൽ സെക്രട്ടറി സെയ്ദ് ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.