ഫെഡറലിസം: എട്ട് സംസ്ഥാനങ്ങളെ ചർച്ചക്ക് വിളിച്ച് കർണാടക
text_fieldsബംഗളൂരു: ധനകാര്യ മേഖലയിലെ ഫെഡറലിസം ചർച്ച ചെയ്യുന്നതിനായി ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലേതുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബംഗളൂരുവിൽ വെച്ച് നടത്തുന്ന കോൺക്ലേവിലേക്കാണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയത്. കേന്ദ്രസർക്കാറിന്‍റെ അന്യായമായ നികുതി വിഭജനത്തെക്കുറിച്ച് താൻ ഈ സംസ്ഥാനങ്ങൾക്ക് കത്തെഴുതിയതായി സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു. മികച്ച സാമ്പത്തിക പ്രകടനം നടത്തി പ്രതിശീർഷ ജി.എസ്.ഡി.പിയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലുള്ള കർണാടകയെപ്പോലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏറ്റവും കുറഞ്ഞ നികുതി വിഹിതം നൽകി തങ്ങളുടെ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ പേരിൽ ശിക്ഷിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഈ അന്യായമായ സമീപനം ഫെഡറലിസത്തിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിന് ഭീഷണിയുമാണ്.
കേന്ദ്ര സർക്കാറിന്റെ മൊത്ത നികുതി വരുമാനത്തിലേക്ക് ഉയർന്ന വിഹിതം നൽകിയിട്ടും അതിന് വിപരീതമായി കുറഞ്ഞ നികുതി വിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങൾ ഏകോപിച്ച് ധനകാര്യ കമീഷനു മുമ്പാകെ നിർദേശങ്ങൾ അടിയന്തരമായി സമർപ്പിക്കേണ്ടതുണ്ടെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കോൺക്ലേവിനുള്ള തീയതി നിലവിൽ തീരുമാനമായിട്ടില്ല. അതേസമയം, 16ാം ധനകാര്യ കമീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കർണാടക, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു.
സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങൾ ധനകാര്യ കമീഷന് മുന്നിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച ആശയ രൂപവത്കരണമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനങ്ങൾക്ക് അർഹമായ നികുതി വിഹിതം ഉറപ്പാക്കുന്നതിനുള്ള പോരാട്ടത്തിൽ ഇന്നലെ നടന്ന കോൺക്ലേവ് നിർണായകമാവുമെന്നും രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനം ധനകാര്യ കമീഷൻ കൈക്കൊള്ളുന്നുവെന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും കേരള ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.