പെൺഭ്രൂണഹത്യ തടയാൻ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും
text_fieldsഎസ്.പി.ജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടുന്നു
ബംഗളൂരു: കർണാടകയിൽ പെൺഭ്രൂണഹത്യ തടയാൻ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺഭ്രൂണഹത്യ തടയാൻ സർക്കാർ പുതിയ നയം കൊണ്ടുവരും. ഭ്രൂണഹത്യക്കെതിരെ നിലവിലുള്ള നിയമമായ പി.സി.പി.എൻ.ഡി.ടി ആക്ട് ഫലപ്രദമായി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നതാണ് പുതിയ നയത്തിൽ കൊണ്ടുവരിക.
പെൺഭ്രൂണഹത്യക്കെതിരെ സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കുകയും ഇത്തരം ഹീനകൃത്യത്തിൽ ഉൾപ്പെടുന്നവർക്കെതിരെയുള്ള നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ടാസ്ക് ഫോഴ്സ് ചെയ്യുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പെൺഭ്രൂണഹത്യ വർധിക്കുന്നതായി പ്രതിപക്ഷ നേതാവ് ആർ. അശോക ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി.
അതേസമയം, സംസ്ഥാനത്ത് ആശുപത്രികളിലും സ്കാനിങ് കേന്ദ്രങ്ങളിലും കർശന പരിശോധന തുടരുകയാണ്. ബംഗളൂരു റൂറലിലെ ഹോസക്കോട്ടെയിൽ പ്രവർത്തിച്ചിരുന്ന എസ്.പി.ജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ആരോഗ്യ വകുപ്പ് അധികൃതർ ബുധനാഴ്ച രാത്രി മിന്നൽ പരിശോധന നടത്തി അടച്ചുപൂട്ടി. പരിശോധനക്കിടെ മാലിന്യക്കുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിലെ നാല് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് നഴ്സുമാർ, ശുചീകരണ തൊഴിലാളി, ലാബ് ടെക്നീഷ്യൻ എന്നിവരാണ് പിടിയിലായത്. ആശുപത്രി ഉടമയും റേഡിയോളജിസ്റ്റുമായ ഡി. ശ്രീനിവാസ് ഒളിവിലാണ്. ഇവർക്കെതിരെ ഐ.പി.സി, 312, 314 വകുപ്പുകൾ പ്രകാരം തിരുമലഷെട്ടിഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആശുപത്രി രേഖകൾ പരിശോധിച്ചുവരികയാണെന്നും അനധികൃത ഗർഭച്ഛിദ്രങ്ങൾ മുമ്പ് നടത്തിയിരുന്നോ എന്നകാര്യം ഇതിനുശേഷമേ വ്യക്തമാവൂ എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞവർഷം 1500 ഗർഭിണികളെ സ്കാൻ ചെയ്തതായി രേഖയുണ്ടെങ്കിലും ഇതിൽ 400 സ്ത്രീകൾ പ്രസവിച്ചതായി രേഖയില്ല. ഇവർ മറ്റു ആശുപത്രികളിൽ പ്രസവം നടത്തിയതാണോ അതോ ഭ്രൂണഹത്യ നടത്തിയതാണോ എന്ന കാര്യം വ്യക്തമല്ല.
കോലാറിൽ പരിശോധനക്കിടെ ക്രമക്കേടുകൾ കണ്ടതിനെതുടർന്ന് ഹോപ് സ്കാനിങ് സെന്ററർ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഹോപ് ഹോസ്പിറ്റലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട് പ്രകാരമുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യോഗ്യതയില്ലാത്ത ഡോക്ടറാണ് ഡോ. വീറ്റ്ലി യശ്വന്ത് എന്നപേരിൽ സ്ഥാപനം നടത്തിയിരുന്നത്. ഡോ. ഡെയ്സി യശ്വന്ത് എന്ന പേരിൽ നഴ്സായിരുന്നു ഇത് നടത്തിയിരുന്നത്. സ്കാനിങ് നടത്തിയതിന്റെ രേഖകളൊന്നും സൂക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
മൈസൂരു, മണ്ഡ്യ എന്നിവിടങ്ങളിലെ പെൺഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസ് സി.ഐ.ഡി വിഭാഗമാണ് അന്വേഷിക്കുന്നത്. ഡോക്ടർമാർ, ടെക്നീഷ്യന്മാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ 13 പേർ കേസിൽ അറസ്റ്റിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.