ഏഷ്യാനെറ്റ് സുവർണക്കും അവതാരകനുമെതിരെ എഫ്.ഐ.ആർ
text_fieldsബംഗളൂരു: മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവർണ ചാനലിനും ന്യൂസ് അവതാരകൻ അജിത് ഹനുമക്കനവർക്കുമെതിരെ ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തൻവീർ അഹ്മദ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് ഐ.പി.സി 505 (2) പ്രകാരം സമൂഹത്തിൽ ശത്രുത, വിദ്വേഷം എന്നിവ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മേയ് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യത്തെ ജനസംഖ്യാ വിഹിതവുമായി ബന്ധപ്പെട്ട് ‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ദേശീയതല വിശകലനം’ എന്ന പേരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് സുവർണ ചാനലിൽ അജിത് ഹനുമക്കനവർ സംഘടിപ്പിച്ച ചർച്ചയിൽ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന ജനസംഖ്യ കണക്കിന് ഇന്ത്യൻ പതാകയും ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിക്കുന്നതിന് പാകിസ്താൻ പതാകയുമാണ് ചാനൽ നൽകിയത്.
ചിത്രീകരണം വിവാദമാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ ചാനൽ തിരുത്തും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തെറ്റ് അശ്രദ്ധമൂലം സംഭവിച്ചതാണെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും ഭൂരിപക്ഷ സമുദായങ്ങളുടെ വളർച്ച ചിത്രീകരിക്കുന്ന മറ്റൊരു എപ്പിസോഡിനായി ഉപയോഗിച്ച ഗ്രാഫിക്സ് ഈ എപ്പിസോഡിന് ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ചാനൽ വിശദീകരിച്ചത്. മുസ്ലിം സമുദായം രാജ്യത്തിനു നൽകിയ സംഭാവനകളെ അവഹേളിക്കുന്നതാണ് ചാനലിന്റെ പ്രവൃത്തിയെന്ന് തൻവീർ അഹ്മദ് പരാതിയിൽ വാദിച്ചു. ചാനലും അവതാരകനും വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും പതാക ഉപയോഗിക്കുന്നതിലപ്പുറം അവതാരകൻ ചാനൽ ചർച്ചയിലുപയോഗിച്ച പ്രസ്താവനകൾ പക്ഷപാതപരവും വിഭാഗീയവും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിലുള്ള മതസൗഹാർദം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും പരാതിയിൽ പറയുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതുടർന്ന് പൊലീസ് അജിത് ഹനുമക്കനവറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.