ചന്ദ്രനുദിക്കുന്ന ദിക്കിൽ
text_fieldsബംഗളൂരു: ചന്ദ്രനിലേക്കുള്ള യാത്രക്കിടെ ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ലാൻഡറിന്റെ ആദ്യ ഘട്ട ഡീബൂസ്റ്റിങ് വിജയകരം. വെള്ളിയാഴ്ച വൈകീട്ട് 3.50നായിരുന്നു ലാൻഡറിന്റെ വേഗം കുറക്കുന്ന പ്രക്രിയ അരങ്ങേറിയത്. ലാൻഡറിന്റെ വേഗംകുറച്ച് ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥങ്ങളിലേക്ക് രണ്ടുതവണയായി മാറ്റുകയാണ് ഡീബൂസ്റ്റിങ്ങിലൂടെ ചെയ്യുന്നത്.
വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ട് തനിയെ യാത്ര തുടരുന്ന ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ ആദ്യമായി ജ്വലിപ്പിച്ചാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ നടന്നത്. ഇതോടെ ചന്ദ്രനിൽനിന്ന് കൂടിയത് 157ഉം കുറഞ്ഞത് 113ഉം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. രണ്ടാമത്തെ ഡീബൂസ്റ്റിങ് പ്രക്രിയ ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ച രണ്ടിന് നടക്കും.
ഇതോടെ ചന്ദ്രനിൽനിന്ന് കൂടിയത് 100 കിലോമീറ്ററും കുറഞ്ഞത് 30 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡർ മൊഡ്യൂൾ എത്തും. ഈ സഞ്ചാരപാതയിൽ ലാൻഡർ ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ അകലെയെത്തുന്നതോടെ ദക്ഷിണധ്രുവത്തിൽ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്താൻ പേടകം തയാറെടുക്കും. ബുധനാഴ്ച വൈകീട്ട് 5.47ന് ലാൻഡർ മൊഡ്യൂൾ മൃദുവിറക്കം നടത്താനാണ് പദ്ധതി. ലാൻഡർ മൊഡ്യൂളിന്റെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസം പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപിരിഞ്ഞയുടൻ ലാൻഡർ ഇമേജർ (എൽ.ഐ) ഒന്നാം കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. പൊസിഷൻ ഡിറ്റക്ഷൻ കാമറയായ കാമറ വൺ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളിൽ ഫാബ്രി, ജിയർഡാനോ ബ്രൂണോ, ഹർകെബി ജെ ഗർത്തങ്ങൾ ദൃശ്യമാണ്. വിദൂരത്തായി പ്രൊപ്പൽഷൻ മൊഡ്യൂൾ സഞ്ചരിക്കുന്നതും ചിത്രത്തിൽ കാണാം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കം ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യയുടെ ലൂണ- 25 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ റഷ്യൻ ബഹിരാകാശ ഏജൻസിയും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-മൂന്ന് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലം ഉപയോഗപ്പെടുത്തിയാണ് ചന്ദ്രനിലേക്ക് നീങ്ങുന്നതെങ്കിൽ ആഗസ്റ്റ് 10ന് വിക്ഷേപിച്ച ലൂണ- 25 ഭൂമിയിൽനിന്ന് നേരിട്ട് ചന്ദ്രനിലേക്കാണ് യാത്ര ചെയ്യുന്നത്. അതിനാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലൂണ ചന്ദ്രനിലിറങ്ങിയേക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.