അഞ്ച് ബജ്റംഗ്ദൾ നേതാക്കളെ നാടുകടത്തുന്നു
text_fieldsമംഗളൂരു: വിവിധ കേസുകളിൽപെട്ട ദക്ഷിണ കന്നട ജില്ലയിലെ അഞ്ച് ബജ്റംഗ്ദൾ നേതാക്കളെ നാടുകടത്തുന്നു. ഇതിന് മുന്നോടിയായി പൊലീസ് ഇവർക്ക് നോട്ടീസ് നൽകി.
ഇവർ പുത്തൂർ അസി. പൊലീസ് കമീഷണർ ഗിരീഷ് നന്ദന് മുമ്പാകെ ഹാജരാകണം. തുടർന്ന് ഓരോരുത്തരും നേരത്തേ നിർണയിച്ച പ്രകാരം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് പോകണം. ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹ കൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ. ദിനേശ്, പി. പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി. നിഷാന്ത്, കെ. പ്രദീപ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.
സദാചാര ഗുണ്ടായിസം, സാമുദായിക വിദ്വേഷം സൃഷ്ടിക്കൽ, കാലിക്കടത്ത് തടയലിന്റെ പേരിൽ അക്രമം എന്നിങ്ങനെ പുത്തൂർ, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലെ പ്രതികളാണിവർ. ബെള്ളാരി, ഭാഗൽകോട്ട് എന്നിവയാണ് നാടുകടത്താൻ നിർണയിച്ച ജില്ലകൾ.നോട്ടീസ് കൈപ്പറ്റിയവർ ബി.ജെ.പിയുടെ ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീലിനെ കണ്ടിരുന്നു.
കോൺഗ്രസിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കരുതെന്ന് അസി. പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടതായി കട്ടീൽ പറഞ്ഞു. ഒന്നോ രണ്ടോ കേസുകളുടെ പേരിൽ നാടുകടത്തുകയാണെങ്കിൽ തന്നെയാണ് ആദ്യം നാടുകടത്തേണ്ടതെന്നും കട്ടീൽ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ നാടുകടത്തൽ നോട്ടീസ് ലഭിച്ച മൂന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.