Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹിന്ദുത്വ വെടിയുണ്ടയിൽ...

ഹിന്ദുത്വ വെടിയുണ്ടയിൽ പൊലിഞ്ഞ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്

text_fields
bookmark_border
ഹിന്ദുത്വ വെടിയുണ്ടയിൽ പൊലിഞ്ഞ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്
cancel

ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് സെപ്റ്റംബർ അഞ്ചിന് അഞ്ചുവർഷം തികയുന്നു. രാജ്യത്തെ ഞെട്ടിച്ച കൊലപാതകക്കേസിലെ പ്രതികൾ അറസ്റ്റിലായെങ്കിലും കഴിഞ്ഞ ജൂലൈ നാലിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഓരോ മാസവും രണ്ടാമത്തെ ആഴ്ചയിൽ വാദം കേൾക്കൽ തുടരും. 2021 ഒക്ടോബറിൽ കൊലപാതകം, സംഘടിത കുറ്റകൃത്യം, ആയുധ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ 17 പ്രതികൾക്കെതിരെ വിചാരണ കോടതി ചുമത്തിയിരുന്നു.

'ഗൗരി ലങ്കേഷ് പത്രികെ'യുടെ പത്രാധിപരായിരുന്ന ഗൗരി 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബസവനഗുഡിയിലെ തന്റെ ഓഫിസിൽ നിന്ന് രാത്രി മടങ്ങിയെത്തിയപ്പോഴായിരുന്നു വീടിന് സമീപം ബൈക്കിൽ കാത്തുനിന്ന ആക്രമികൾ വെടിവെച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്നു ഗൗരി.

നക്സലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിയോഗിച്ച സംഘത്തിലെ അംഗം കൂടിയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഹിന്ദുത്വ സംഘടനകളാണെന്ന് തുടക്കത്തിലേ ആരോപണമുയർന്നിരുന്നെങ്കിലും നക്സലുകളാണ് സംഭവത്തിന് പിന്നിലെന്ന വാദവുമായി ബി.ജെ.പി ശ്രദ്ധതിരിക്കാൻ ശ്രമിച്ചു. ബി.ജെ.പിയുടെ വാദം ഏറ്റുപിടിച്ച ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് പിന്നീട് 2018 ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിനിറങ്ങിയിരുന്നു.

ഗൗരിയുടെ പിതാവായിരുന്ന പി. ലങ്കേഷ് സ്ഥാപിച്ച ലങ്കേഷ് പത്രികെ എന്ന കന്നഡ വാരികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗൗരിയും ഇന്ദ്രജിത്തും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഗൗരി സ്വന്തമായി 'ഗൗരി ലങ്കേഷ് പത്രികെ' എന്ന പത്രം തുടങ്ങുന്നത്. ഗൗരിയുടെ മരണശേഷം അവരുടെ സഹോദരി കവിത ലങ്കേഷിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് നാനു ഗൗരി ട്രസ്റ്റ് രൂപവത്കരിക്കുകയും 'ഗൗരി ലങ്കേഷ് പത്രികെ' എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഗൗരി ലങ്കേഷ് ന്യൂസ് ഡോട്ട്കോം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഹിന്ദുത്വ ആശയങ്ങൾക്കെതിരെ നിരന്തരം വിമർശനമുന്നയിച്ച ഗൗരിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഗൗരിയുടെ സമൂഹ മാധ്യമ പോസ്റ്റ് റോഹിങ്ക്യൻ അഭയാർഥികളെ കുറിച്ചുള്ളതായിരുന്നു.

രാജ്യത്തെ നടുക്കിയ ഗൗരി കൊലപാതകത്തെത്തുടർന്ന് അന്നത്തെ ഡി.സി.പി എം.എൻ. അനുഛേദിന്റെ നേതൃത്വത്തിലുള്ള കർണാടകയിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ കേസന്വേഷണം തുമ്പില്ലാതെ കിടന്നിരുന്ന സമാന കേസുകളെ കൂടി ഉണർത്തിയിരുന്നു. 2013ൽ മഹാരാഷ്ട്രയിലെ പുണെയിൽ നരേന്ദ്ര ദാഭോൽകറും 2015ൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഗോവിന്ദ് പൻസാരെയും 2015ൽ കർണാടകയിലെ ധാർവാഡിൽ എം.എം. കൽബുർഗിയും വെടിയേറ്റു കൊല്ലപ്പെട്ട കേസുകളിൽകൂടി ഗൗരി ലങ്കേഷ് കേസിലെ പ്രതികൾക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം എത്തിയത്. കേസിലെ ബാലിസ്റ്റിക് തെളിവുകളും അതാണ് സൂചിപ്പിക്കുന്നത്.

ഈ കേസുകളിലും വിചാരണ നടക്കുകയാണ്. കുറ്റമറ്റ രീതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോയ എസ്.ഐ.ടി ആറുമാസത്തിന് ശേഷം ഹിന്ദു യുവസേന പ്രവർത്തകനായ കെ.ടി. നവീൻ കുമാറിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഘട്ടങ്ങളിലായി 16 പേർ കൂടി പിടിയിലായി. ഗൗരിക്ക് നേരെ വെടിയുതിർത്ത പരശുറാം വാഗ്മോർ, വാഗ്മോറെക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ഗണേശ് മിഷ്കിൻ, കൊലപാതകത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കുന്ന അമോൽ കാലെ, മറ്റു പ്രതികളായ സുജിത് കുമാർ, സുരേഷ് കുമാർ, രാജേഷ് ബങ്കേര, ഭരത് ഖുർനെ, അമിത് ദെഗ്വേകർ, അമിത് ബഡ്ഡി, മോഹൻ നായിക്ക്, ശരത് കലാസ്കർ, സുധൻവ ഗൊണ്ടാൽക്കർ തുടങ്ങിയവരാണ് അറസ്റ്റിലായത്.

ഗൗരിയെ വെടിവെച്ച പരശുറാം വാഗ്മോറെയെ ബൈക്കിൽ കൊണ്ടുവന്ന ഗണേശ് മിഷ്കിനെ കൽബുർഗി വധക്കേസിൽ അദ്ദേഹത്തിന്റെ മകൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. കൽബുർഗിക്കുനേരെ വെടിയുതിർത്തത് ഗണേശ് മിഷ്കിനാണെന്നാണ് അവരുടെ മൊഴി. ഗൗരിയെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സംഘം ഗൗരിയുടെ വീട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ വാടക വീട്ടിൽ കഴിഞ്ഞിരുന്നു.

ഗോവ ആസ്ഥാനമായുള്ള സനാതൻ സൻസ്തയുമായി പ്രതികൾക്കുള്ള ബന്ധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഗൗരി, ദാഭോൽകർ, കൽബുർഗി, പൻസാരെ കൊലപാതകങ്ങളിലെ പങ്ക് സനാതൻ സൻസ്ത നിഷേധിച്ചിരുന്നു. എന്നാൽ, സനാതൻ സൻസ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധർമ സാധന' എന്ന പുസ്തകത്തിലെ തത്ത്വങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടാണ് പ്രതികൾ കൊലപാതകങ്ങൾ നിർവഹിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഗൗരി അനുസ്മരണ പ്രഭാഷണം ഇന്ന്

ബംഗളൂരു: അഞ്ചാമത് ഗൗരി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഗൗരി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പ്രഭാഷണം സംഘടിപ്പിക്കും. ബംഗളൂരു പാലസ് റോഡിലെ മഹാറാണി വനിത കോളജിന് സമീപത്തെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ഗൗരി അനുസ്മരണ പ്രഭാഷണ പരിപാടിയിൽ നടൻ പ്രകാശ് രാജ്, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് എന്നിവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gauri lankesh
News Summary - five years since the martyrdom of Gauri Lankesh who was killed by Hindutva bullet
Next Story