മയക്കുമരുന്നും തോക്കുകളുമായി അഞ്ച് മലയാളികൾ അറസ്റ്റിൽ
text_fieldsനൗഫൽ, മൻസൂർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് സാഗർ, മുഹമ്മദ് സാലിഹ്
മംഗളൂരു: മൂന്ന് കേസുകളിലായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് അഞ്ച് കുപ്രസിദ്ധ അന്തർസംസ്ഥാന കുറ്റവാളികളെ അറസ്റ്റ് ചെയ്തു. കേരളത്തിലും കർണാടകയിലുമായി ഒന്നിലധികം കേസുകളിൽ തിരയുന്ന അറസ്റ്റിലായ പ്രതികളിൽനിന്ന് അനധികൃത തോക്കുകൾ, വെടിക്കോപ്പുകൾ, ഗണ്യമായ അളവിൽ മയക്കുമരുന്ന് എന്നിവ കണ്ടെത്തി. മൂന്ന് പിസ്റ്റളുകൾ, ആറ് ലൈവ് ബുള്ളറ്റുകൾ, 12.895 കിലോഗ്രാം കഞ്ചാവ്, മൂന്ന് വാഹനങ്ങൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം ഏകദേശം 40,50,000 രൂപയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ബി പൊലീസ് നടേക്കൽ പ്രദേശത്ത് ഒരു സ്കോർപിയോ വാഹനം തടഞ്ഞുനിർത്തി കാസർകോട് ജില്ലയിൽ താമസിക്കുന്ന നൗഫൽ (38), മൻസൂർ (36) എന്നിവരെ അറസ്റ്റ് ചെയ്തു. 14,60,000 രൂപ വിലമതിക്കുന്ന രണ്ട് പിസ്റ്റളുകൾ, നാല് ലൈവ് ബുള്ളറ്റുകൾ, വാഹനം എന്നിവ അധികൃതർ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത്, ക്രിമിനൽ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേരളത്തിൽ മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ട്.
കഞ്ചാവ് കള്ളക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർക്കുള പ്രദേശത്ത് ചുവന്ന സ്വിഫ്റ്റ് കാർ പൊലീസ് തടഞ്ഞ് കാസർകോട് ജില്ലയിൽനിന്നുള്ള അബ്ദുൾ ലത്തീഫിനെ (29) അറസ്റ്റ് ചെയ്തു. 12.895 കിലോഗ്രാം കഞ്ചാവും മൊബൈൽ ഫോണും വാഹനവും പൊലീസ് കണ്ടെടുത്തു. ഇവക്ക് 15,70,000 രൂപ വിലവരും. ഈയിടെയുണ്ടായ ഒരു വെടിവെപ്പിലും 2024ൽ ഉള്ളാളിൽ നടന്ന മറ്റൊരു സംഭവത്തിലും പിസ്റ്റൾ വിതരണം ചെയ്തതുൾപ്പെടെ അനധികൃത തോക്ക് കേസുകളിൽ അബ്ദുൾ ലത്തീഫിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ, ആക്രമണം, കവർച്ച, കൊലപാതകശ്രമം, കൊലപാതകം എന്നിവയുൾപ്പെടെ കേരളത്തിലും കർണാടകയിലുമായി 13 മുൻ കുറ്റങ്ങൾ ഇയാൾക്കെതിരെയുണ്ട്.വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തലപ്പാടിയിലെ ദേവിപുരക്ക് സമീപം ഒരു വെളുത്ത ഫോക്സ്വാഗൺ പോളോ കാർ പൊലീസ് തടഞ്ഞുനിർത്തി കാസർകോട് ജില്ലയിൽ താമസക്കാരായ മുഹമ്മദ് അസ്ഗർ (27), മുഹമ്മദ് സാലി (31) എന്നിവരെ അറസ്റ്റ് ചെയ്തു.
ഒരു പിസ്റ്റൾ, രണ്ട് ലൈവ് ബുള്ളറ്റുകൾ, രണ്ട് മൊബൈൽ ഫോണുകൾ, 10,20,000 രൂപ വിലമതിക്കുന്ന വാഹനം എന്നിവ കണ്ടെടുത്തു. ആക്രമണം, കവർച്ച, കൊലപാതകശ്രമം, മയക്കുമരുന്ന് വിതരണം എന്നിവയുൾപ്പെടെ 17 കേസുകൾ മുഹമ്മദ് അസ്ഗറിനെതിരെയും മയക്കുമരുന്ന് കടത്ത്, ആക്രമണം, കൊലപാതകശ്രമം, അനധികൃത മണൽകടത്ത് എന്നിവയുൾപ്പെടെ 10 കേസുകൾ മുഹമ്മദ് സാലിക്കെതിരെയും നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.