ലാൽബാഗിൽ ഇന്നു മുതൽ ‘പൂക്കാലം’
text_fieldsബംഗളൂരു: ലാൽ ബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ റിപ്പബ്ലിക് ദിന പുഷ്പമേളക്ക് വ്യാഴാഴ്ച തുടക്കമാവും. ‘വിശ്വഗുരു ബസവണ്ണയും വചന സാഹിത്യവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള ജനുവരി 28 വരെ നടക്കും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹോർട്ടികൾചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
പുഷ്പമേളയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വെജിറ്റബ്ൾ കാർവിങ്, ഡച്ച് ഫ്ലവർ അറേഞ്ച്മെന്റ് തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക.
ഇവയുടെ സമ്മാനവിതരണം 27ന് നടക്കും. ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപ, അദ്ദേഹത്തിന്റെ സമാധിസ്ഥലമായ ഐക്യമണ്ഡപ, ഇഷ്ടലിംഗ പ്രതിരൂപ തുടങ്ങിയവയുടെ പുഷ്പാലങ്കാരങ്ങൾ മുഖ്യ ആകർഷണമാവും. അല്ലമ പ്രഭു, അംബിഗര ചൗതയ്യ, അക്കമഹാദേവി തുടങ്ങി വചന സാഹിത്യകാരന്മാരുടെ ശിൽപങ്ങളും അലങ്കരിച്ചൊരുക്കും. 10 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഏകദേശം 10 ലക്ഷം പേർ സന്ദർശകരായെത്തുമെന്നാണ് ഹോർട്ടികൾചർ വകുപ്പ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.