മൂടൽ മഞ്ഞ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
text_fieldsബംഗളൂരു: ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവും നഗരവും മൂടൽ മഞ്ഞിൽ മറഞ്ഞതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വിമാനത്താവളത്തിൽ 50 മില്ലി മീറ്ററിനും 100 മില്ലി മീറ്ററിനും ഇടയിലാണ് ദൃശ്യപരത.
15ലധികം വിമാനങ്ങൾ വൈകിയതായും ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. വഴിതിരിച്ചുവിട്ടവയിൽ നാലെണ്ണം ചെന്നൈയിലേക്കും രണ്ടെണ്ണം ഹൈദരാബാദിലേക്കുമുള്ളതാണ്. ഇതിൽ രണ്ടെണ്ണം ആഭ്യന്തര വിമാനങ്ങളും ഒന്ന് അന്താരാഷ്ട്ര വിമാനവും മറ്റൊന്ന് കാർഗോ വിമാനവുമാണ്. ഏറ്റവും കുറഞ്ഞ ദൃശ്യപരത രാവിലെ 5.08നും 7.25നും ഇടയിലുള്ള റേഡിയേഷൻ മൂടൽ മഞ്ഞായിരുന്നെന്ന് അധികൃതർ വിശദീകരിച്ചു.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ പുലർച്ച മൂന്നിനും 8.30നും ഇടയിൽ ദൃശ്യപരത കുറവാകുന്നതിനാൽ ബംഗളൂരു വിമാനത്താവളത്തിൽ വിമാന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 8.30ന് രേഖപ്പെടുത്തിയ ഐ.എം.ഡി നിരീക്ഷണ കണക്കുകൾ പ്രകാരം ബംഗളൂരു നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസാണ്. കെ.ഐ.എ, എച്ച്.എ.എൽ വിമാനത്താവളങ്ങളിൽ കുറഞ്ഞ താപനില യഥാക്രമം 17.9, 18.2 ഡിഗ്രി സെൽഷ്യസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.