പൂതപ്പാട്ട് ഇനി കന്നഡയിലും; ‘ഭൂതദഹാടു’ പ്രകാശനം ഏഴിന്
text_fieldsബംഗളൂരു: മഹാകവി ഇടശ്ശേരിയുടെ പ്രശസ്തമായ ഖണ്ഡകാവ്യം പൂതപ്പാട്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തു. നാടോടി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മിടിപ്പും തുടിപ്പുമുള്ള ഇടശ്ശേരി കവിതകൾ ആദ്യമായിട്ടാണ് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.
ബംഗളൂരുവിൽ ഭാഷാ പ്രവർത്തകയായ കൊല്ലം കണ്ണനല്ലൂർ സ്വദേശിനി ഡോ. സുഷമ ശങ്കറാണ് വിവർത്തനം നിർവഹിച്ചത്. അഞ്ചു വർഷം മുമ്പ് കോലാർ ജില്ലയിലെ വിമല ഹൃദയ കോമ്പോസിറ്റ് ഹൈസ്കൂളിലെ കുട്ടികൾക്ക് വേണ്ടി മലയാളിയായ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി മേരിയുടെ അഭ്യർഥന അനുസരിച്ചാണ് പൂതപ്പാട്ട് കവിത വിവർത്തനം ചെയ്തത്. കന്നഡ വിദ്യാർഥികൾ ഇത് നാടകമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിലെ ദ്രാവിഡം പബ്ലിക്കേഷൻസാണ് പ്രസാധകർ.
ഉത്തര മലബാറിലെ അനുഷ്ഠാന കലാരൂപത്തിന്റെ പശ്ചാത്തലത്തിൽ, 1953ൽ കവി ഉരുത്തിരിച്ചെടുത്ത കാവ്യമാണ് പൂതപ്പാട്ട്. ഒരു നാടോടിപ്പാട്ടുപോലെ മലയാളികളുടെ മനസ്സിൽ ചിരസ്ഥായിയായി സ്ഥാനം പിടിച്ച പൂതപ്പാട്ട്, നൃത്തരൂപത്തിലും നാടക രൂപത്തിലും കഥാപ്രസംഗമായും ഇന്നും സ്റ്റേജുകളിൽ അവതരിക്കപ്പെടുന്നുണ്ട്.
കന്നഡയിലെ പ്രസിദ്ധമായ ഒരു നാടോടിപ്പാട്ടാണ് ‘പുണ്യകോടി ഗോവിന ഹാടു’ (പുണ്യകോടി എന്ന പശുവിന്റെ പാട്ട്). ‘പുണ്യകോടി’ ക്കും പൂതപ്പാട്ടിനും ഒരുപാട് സാമ്യതകൾ ഉണ്ട്. ദുഷ്ടശക്തികൾ മാതൃശക്തിയുടെ മുന്നിൽ അടിയറവ് പറയുന്ന കാഴ്ചയാണ് രണ്ടിലുമുള്ളത്. പൂതപ്പാട്ട് കന്നഡ വിവർത്തനമായ ‘ഭൂതദഹാടു’വിന്റെ പ്രകാശനം നവംബർ ഏഴിന് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ നടക്കും. അബൂദബി കന്നഡ സംഘത്തിന്റെ അധ്യക്ഷൻ സർവോത്തമൻ ഷെട്ടി പ്രകാശനം നിർവഹിക്കും. ദുബൈ കർണാടക അസോസിയേഷൻ ജനറൽ സെക്രട്ടറി ശശിധരൻ പുസ്തകം ഏറ്റുവാങ്ങും.
ഒ.എൻ.വി കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീതം’ 2013 ലും ‘അക്ഷരം’ കവിത സമാഹാരം 2023ലും സുഷമ ശങ്കർ കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന്റെ ‘ഇടിഞ്ഞു പൊളിഞ്ഞ ലോകം’, ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്നിവ 2022ലും കന്നഡയിലേക്ക് സുഷമ ശങ്കർ മൊഴിമാറ്റിയിരുന്നു. തെലുങ്ക് ഭാഷയിലെ മഹാകവി സി. നാരായണ റെഡ്ഡിയുടെ വിശ്വംഭരം എന്ന മഹാകാവ്യത്തിന്റെ മലയാള വിവർത്തനവും ‘അച്ഛന്റെ കല്യാണം’ എന്ന സുഷമയുടെ നോവലും ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യും.
ദ്രാവിഡ ഭാഷ വിവർത്തക സംഘം അസോസിയേഷൻ സ്ഥാപക പ്രസിഡന്റായ സുഷമ ശങ്കർ, ബംഗളൂരു വൈറ്റ് ഫീൽഡിൽ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കൂടിയാണ്. കന്നഡിഗനായ ഭർത്താവ് ബി. ശങ്കർ പകർന്നു നൽകിയ കന്നഡ അക്ഷരങ്ങളിൽനിന്നാണ് സുഷമ വിവർത്തന ലോകത്തിലേക്കെത്തുന്നത്. മകൻ ചന്ദൻ ബംഗളൂരുവിൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.