ഭക്ഷ്യ വിഷബാധ: 29 വിദ്യാർഥികൾ ആശുപത്രി വിട്ടു
text_fieldsവിദ്യാർഥികൾ ആശുപത്രിയിൽനിന്ന് പുറത്തേക്ക് വരുന്നു
ബംഗളൂരു: മാണ്ഡ്യ ജില്ലയിൽ മലവള്ളി താലൂക്കിലെ ഗോകുല സ്കൂളിൽ ഹോളി ഉത്സവ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് മിംസിൽ (മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ചികിത്സയിലായിരുന്ന 29 വിദ്യാർഥികൾ ആശുപത്രി വിട്ടു. മേഘാലയയിൽനിന്നുള്ള 22 പേരും മലവള്ളിയിൽ നിന്നുള്ള ഏഴ് പേരുമാണ് ഞായറാഴ്ച ഡിസ്ചാർജായത്.
ഈ മാസം 14ന് ഹോളി ആഘോഷ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗോകുല വിദ്യാലയത്തിലെ 120ഓളം വിദ്യാർഥികൾക്ക് അസുഖം ബാധിച്ചിരുന്നു. തുടർന്ന് അവരെ മിംസ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.
എന്നാൽ, മേഘാലയയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വ്യത്യസ്ത ദിവസങ്ങളിൽ ആശുപത്രിയിൽ മരിച്ചു. അതേസമയം, അസുഖം ബാധിച്ചവരിൽ ഭൂരിഭാഗവും തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു.
മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കുമാര, ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി, ഡി.ഡി.പി.ഐ ശിവരാമഗൗഡ എന്നിവർ വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്യുന്നതിനിടെ സന്നിഹിതരായിരുന്നു. സംഭവത്തെത്തുടർന്ന് ഗോകുല വിദ്യാശാല അടച്ചുപൂട്ടിയതിനാൽ, സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന മേഘാലയയിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാണ്ഡ്യയിലെ ബാലമന്ദിരയിൽ താമസസൗകര്യം ഒരുക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.