കർണാടകയിലെ നഴ്സിങ് കോളജുകളിൽ വിദേശ ഭാഷാ ലാബ് ഒരുങ്ങുന്നു; ലക്ഷ്യം ആഗോള തൊഴിൽ സാധ്യത
text_fieldsബംഗളൂരു: സംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടകയിലെ എല്ലാ നഴ്സിങ് കോളജുകളിലും വിദേശ ഭാഷാ ലാബുകൾ സ്ഥാപിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കർ കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ പുതിയ ഫിസിയോതെറപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈദഗ്ധ്യമുള്ള നഴ്സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്ധർക്കും അന്താരാഷ്ട്രതലത്തിൽ കൂടുതൽ ആവശ്യമേറിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശീലനം ലഭിച്ച നഴ്സുമാരെയും അനുബന്ധ ആരോഗ്യ ശാസ്ത്ര വിദ്യാർഥികളെയും ഉടൻ നിയമിക്കുന്നതിനായി ജർമനി, ഇറ്റലി, ജപ്പാൻ, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രികൾ ഞങ്ങളെ സമീപിക്കുന്നുണ്ട്.ഈ ആശുപത്രികൾക്ക് അവരുടെ മാതൃഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. അതിനനുസരിച്ച് നമ്മുടെ വിദ്യാർഥികളെ സജ്ജരാക്കാനാണ് കർണാടക സർക്കാർ നടപടി സ്വീകരിക്കുന്നത്. നഴ്സിങ് വിദ്യാർഥികൾക്ക് അവരുടെ കോഴ്സ് കാലയളവിൽ ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവ പഠിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും വിദേശ തൊഴിലവസരങ്ങൾക്കായി അവർ സജ്ജരാണെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം, നിലവാരമില്ലാത്ത പാരാമെഡിക്കൽ, ജി.എൻ.എം (ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി), നഴ്സിങ് കോളജുകൾ എന്നിവ നിർത്തലാക്കും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, മികച്ച അധ്യാപനവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ പ്രഫഷനൽ മെഡിക്കൽ കോളജുകൾ അവരുടെ കാമ്പസുകളിൽ അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്സുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.