കാട്ടാനകളെ തുരത്താൻ പുതിയ ഉപകരണവുമായി വനംവകുപ്പ്
text_fieldsആന വിരട്ടി ഉപകരണം
ബംഗളൂരു: ഗ്രാമങ്ങളിലോ സ്വകാര്യ ഭൂമിയിലോ പ്രവേശിക്കുന്ന കാട്ടാനകളെ തുരത്താൻ കർണാടക വനംവകുപ്പ് ഉപകരണം കണ്ടുപിടിച്ചു.വിചിത്രമായ ശബ്ദവും ദൃശ്യപ്രഭാവവും പുറപ്പെടുവിക്കുന്ന ഈ ഉപകരണം ആനകളെ ഭയപ്പെടുത്തി ഓടിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തത്.
മരത്തിൽ ഘടിപ്പിക്കുന്ന ഉപകരണം ആനകളുടെ സാന്നിധ്യം കണ്ടെത്താനും ഉപയോഗിക്കും. ആനകൾ നിശ്ചിത ദൂരത്തിനുള്ളിൽ വരുമ്പോൾ ഉപകരണം ഉച്ചത്തിലുള്ള അരോചകശബ്ദവും ഒപ്പം പ്രകാശവും പുറപ്പെടുവിക്കുന്നു. ശബ്ദവും വെളിച്ചവും കണ്ട് ഭയന്ന ആനകൾ കാട്ടിലേക്ക് തിരികെ പോകുന്നു.
ഈ ഉപകരണം ഇതിനകം നിരവധി പ്രദേശങ്ങളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞതായി വനം അധികൃതർ അവകാശപ്പെട്ടു. വനംവകുപ്പ് ഈ ഉപകരണം കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. ആനകളുടെ ആക്രമണത്തിൽനിന്ന് വിളകൾ സംരക്ഷിക്കാൻ പാടുപെടുന്ന കർഷകർക്ക് ഈ നീക്കം ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
ഡ്രോൺ കാമറ ഉപയോഗിച്ച് ആനകളുടെ ചലനം നിരീക്ഷിക്കുന്ന അധികാരികൾ ആനകൾ പതിവായി സന്ദർശിക്കുന്ന ഗ്രാമങ്ങളിലേക്കും തോട്ടങ്ങളിലേക്കും പോകുന്ന വഴിയിലെ മരത്തിൽ ആറ്-എട്ട് അടി ഉയരത്തിൽ ഈ ഉപകരണം സ്ഥാപിക്കും. ആനകൾ 15-20 മീറ്റർ അകലെയായിരിക്കുമ്പോൾ ഉപകരണം തുടർച്ചയായി വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.
ഇതു കേട്ട് ഭയന്ന ആനക്കൂട്ടം വന്ന വഴിക്ക് തന്നെ മടങ്ങുന്നു. മലനാട് മേഖലയിൽ ഈ പരീക്ഷണം ഇതിനകം വിജയകരമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.