വനം വേട്ടക്കാർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഹാവേരി ഹംഗൽ റെയ്ഞ്ചിൽ രണ്ടു വനംവേട്ടക്കാർ അറസ്റ്റിലായി. ശിവമൊഗ്ഗ ഷിരലക്കൊപ്പ സ്വദേശി സദ്ദാം (33), നവീദ് (22) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരുടെ കൂട്ടാളികളായ മുബാറക് (23) സഫർ (23) എന്നിവർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഹംഗൽ വനമേഖലയിൽ മാനിനെ വേട്ടയാടുന്നതിനിടെയാണ് സംഘത്തെ വനപാലകരുടെ പട്രോളിങ് സംഘം കണ്ടെത്തിയത്. പ്രതികളിൽനിന്ന് തോക്ക്, തിരകളടങ്ങുന്ന 10 പെട്ടികൾ, കത്തി, മൂർച്ചയുള്ള മറ്റു ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹനുമാപൂർ റിസർവിൽ വെടിയൊച്ച കേട്ട വനപാലകർ വേട്ടക്കാർക്കായി തെരച്ചിൽ നടത്തി പ്രതികളിലേക്കെത്തുകയായിരുന്നു. വനപാലകരെ കണ്ടതോടെ വാഹനം ഇടിപ്പിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമം നടത്തി. അറസ്റ്റിലായ സദ്ദാം സ്ഥിരം വേട്ടക്കാരനാണെന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വേട്ടയാടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെടുത്തതായും ഹാവേരി ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എസ്. ബാലകൃഷ്ണ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ ഈ മൊബൈൽ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.