സമാന്തര കമ്മിറ്റി രൂപവത്കരണം അനുവദിക്കില്ല -ജെ.ഡി.എസ്
text_fieldsബംഗളൂരു: കേരളത്തിൽ ദേവഗൗഡപക്ഷം എന്ന പേരിൽ സമാന്തര കമ്മിറ്റി രൂപവത്കരണത്തിന് ആരെയും പാർട്ടി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും ജെ.ഡി-എസ് സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി ജനറൽ കെ.ആർ. ശിവ്കുമാർ. മുന്നണി അംഗീകാരമുള്ളിടത്തോളം കാലം പാർട്ടി കേരളത്തിൽ എൽ.ഡി.എഫിലും മന്ത്രിസഭയിലും തുടരാമെന്നാണ് ജെ.ഡി-എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ് ദേശീയ നേതൃത്വം അംഗീകരിച്ചിട്ടുള്ളത്. ഡിസംബർ ഒമ്പതിന് സമാന്തര ദേശീയ കൗൺസിൽ വിളിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറാൻ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനോട് ഗൗഡ അഭ്യർഥിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനങ്ങളിലെ നേതാക്കളോട് ഏറ്റുമുട്ടുന്ന സമീപനം വേണ്ട എന്നാണ് ദേവഗൗഡയുടെ നിലപാട്. ജെ.ഡി-എസ് കർണാടക സംസ്ഥാന ഘടകം ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയതെന്നും അത് പാർട്ടിയുടെ മറ്റു സംസ്ഥാന ഘടകങ്ങൾക്ക് ബാധകമല്ലെന്നും പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിശദീകരണം തേടി കഴിഞ്ഞദിവസം ബംഗളൂരുവിൽ അദ്ദേഹത്തെ കണ്ട വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളോടാണ് നിലപാട് വ്യക്തമാക്കിയത്.
ഇൻഡ്യ സഖ്യത്തിൽനിന്ന് തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമമുണ്ടായി. കർണാടകത്തിലെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിൽ ചരടുവലിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കുമിടയിൽനിന്ന് പാർട്ടി വലിയ തകർച്ചയെ നേരിടുമെന്ന ഘട്ടത്തിലാണ് കർണാടകയിൽ മാത്രമായി ഒരു തെരഞ്ഞെടുപ്പ് സഖ്യത്തിന് ആലോചിച്ചതെന്നും ഇത് മറ്റു സംസ്ഥാന ഘടകങ്ങൾക്ക് ബാധകമല്ലെന്നും ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.