ബംഗളൂരു മുൻ ആർച് ബിഷപ് ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോ അന്തരിച്ചു
text_fieldsബംഗളൂരു: ബംഗളൂരു മുൻ ആർച് ബിഷപ് ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോ (98) അന്തരിച്ചു. ബംഗളൂരു ഹൊസൂർ റോഡിലെ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവറിന് കീഴിലെ സീനിയർ സിറ്റിസൺസ് ഹോമിൽ കഴിയവേയാണ് മരണം. 1952 ആഗസ്റ്റ് 24ന് പുരോഹിതവൃത്തി സ്വീകരിച്ച അദ്ദേഹം 1989 ജനുവരി 31ന് ശിവമൊഗ്ഗയിൽ ബിഷപ്പായി ചുമതലയേറ്റു. 1998 സെപ്റ്റംബർ 10നായിരുന്നു ബംഗളൂരു ആർച് ബിഷപ്പായി പദവിയേറ്റെടുത്തത്. 2004 ജൂലൈ 22ന് വിരമിച്ച അദ്ദേഹം, 70 വർഷമാണ് പുരോഹിത ജീവിതം നയിച്ചത്. ഇതിൽ 34 വർഷം ബിഷപ്പായും സേവനമനുഷ്ഠിച്ചു.
മംഗളൂരു ബന്ത്വാൾ സ്വദേശിയാണ്. ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളജ്, ചെന്നൈ ലൊയോള കോളജ് എന്നിവിടങ്ങളിൽനിന്ന് ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബംഗളൂരുവിലെ സെന്റ് മേരീസ് സെമിനാരി, ശ്രീലങ്കയിലെ കാൻഡിയിലെ പാപൽ െസമിനാരി എന്നിവിടങ്ങളിൽനിന്ന് വൈദികപഠനം പൂർത്തിയാക്കി. ശിവമൊഗ്ഗ രൂപതയിലെ പ്രഥമ ബിഷപ്പായിരുന്നു. 2012 ആഗസ്റ്റ് 24നായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ വജ്രജൂബിലി ആഘോഷം.
ബംഗളൂരുവിലെ സെന്റ് ജോൺസ് ചെയർമാൻ, സി.സി.ബി.ഐ സെക്രട്ടറി ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോയുടെ നിര്യാണത്തിൽ ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരു ഫ്രേസർ ടൗണിലെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രലിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.