മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് കല്ലേറിൽ പരിക്ക്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറിൽ കോൺഗ്രസ് മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് പരിക്ക്. തുമകുരുവിലെ തന്റെ മണ്ഡലമായ കൊരട്ടഗരെയിലെ ബൈരനെഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ട് വോട്ടുചോദിച്ചു നീങ്ങവെയാണ് അജ്ഞാത ആക്രമികളുടെ കല്ലേറുണ്ടായത്. തലക്ക് പരിക്കേറ്റ് രക്തമൊലിച്ചതോടെ പരമേശ്വരയെ ഉടൻ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.
തുടർന്ന് തുമകുരുവിലെ സിദ്ധാർഥ മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊരട്ടഗരെയിലെ സിറ്റിങ് എം.എൽ.എയാണ് ദലിത് നേതാവായ പരമേശ്വര. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ഏപ്രിൽ 19ന് കൊരട്ടഗരെയിൽ നാമനിർദേശ പത്രിക സമർപ്പിക്കവെ അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായി. സ്ഥലത്ത് സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസിന് കല്ലേറിൽ പരിക്കേറ്റ ഈ കേസിൽ രംഗദാമയ്യ എന്നയാൾ അറസ്റ്റിലായിരുന്നു. പരാജയ ഭീതി പൂണ്ട ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.