മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി കോൺഗ്രസിൽ
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പെ കർണാടക ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി കോൺഗ്രസിൽ ചേർന്നു.
വെള്ളിയാഴ്ച രാവിലെ ബെളഗാവിയിൽനിന്ന് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ബംഗളൂരുവിലെത്തിയ ലക്ഷ്മൺ സവാദി, ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാലയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് കത്തുനൽകി.
ബി.ജെ.പിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചു. വൈകീട്ട് ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ശിവകുമാർ, സുർജെവാല എന്നിവരിൽനിന്ന് പാർട്ടി പതാക ഏറ്റുവാങ്ങി. ബെളഗാവിയിലെ അതാനി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി സവാദി മത്സരിക്കും. കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിനെ വീഴ്ത്താൻ ഓപറേഷൻ താമരയിലൂടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ മഹേഷ് കുമത്തള്ളിക്കാണ് ബി.ജെ.പി അതാനി സീറ്റ് നൽകിയത്. മൂന്നുതവണ അതാനിയിൽനിന്ന് നിയമസഭയിലെത്തിയ ലക്ഷ്മൺ സവാദി 2018ലെ തെരഞ്ഞെടുപ്പിൽ മഹേഷിനോട് 2331 വോട്ടിനാണ് പരാജയപ്പെട്ടത്. പാർട്ടി മാറി ഇരുവരും വീണ്ടും മുഖാമുഖമെത്തുമ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും അഭിമാന പോരാട്ടംകൂടിയാവും.
അപമാനിക്കപ്പെട്ടതായി അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് ലക്ഷ്മൺ സവാദി ബി.ജെ.പി വിട്ടതെന്നും തങ്ങൾക്കു മുന്നിൽ ഉപാധികളൊന്നും വെച്ചിട്ടില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. പത്തോളം സിറ്റിങ് എം.എൽ.എമാർ കോൺഗ്രസിൽ ചേരാനൊരുക്കമാണ്. പക്ഷേ, അവർക്കെല്ലാവർക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ സീറ്റ് നൽകാനാവില്ലെന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സവാദിയുടെ തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. അതേസമയം, സീറ്റ് തർക്കത്തെ തുടർന്ന് കർണാടകയിൽ കൂടുതൽ നേതാക്കൾ ബി.ജെ.പി വിടുകയാണ്. കഴിഞ്ഞദിവസം ബി.ജെ.പിയിൽനിന്ന് രാജിവെച്ച മുദിഗരെ എം.എൽ.എ എം.പി. കുമാരസ്വാമി വെള്ളിയാഴ്ച ജെ.ഡി-എസിൽ ചേർന്നു. ചിത്രദുർഗ ഹൊസദുർഗയിൽനിന്നുള്ള സിറ്റിങ് എം.എൽ.എ ഗൂളിഹട്ടി ശേഖർ എം.എൽ.എ സ്ഥാനവും ബി.ജെ.പി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച രാത്രി സിർസിയിൽ സ്പീക്കർ വിശേശ്വര ഹെഗ്ഡെ കാഗേരിയുടെ വീട്ടിലെത്തിയാണ് നിയമസഭാംഗത്വം രാജിവെച്ചുള്ള കത്ത് കൈമാറിയത്.
ബെളഗാവി രാംദുർഗിൽനിന്നുള്ള മുൻ എം.എൽ.എ മഹാദേവപ്പ യാദ്വാദ് തിങ്കളാഴ്ച ബി.ജെ.പി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിൽ മന്ത്രി വി. സോമണ്ണയെ ഇരട്ട സീറ്റ് നൽകി നിയോഗിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ 2018 ലെ ബി.ജെ.പി സ്ഥാനാർഥി തോട്ടദപ്പ ബസവരാജു പാർട്ടി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.