മുൻ എം.എൽ.എ അനിൽ ലാഡ് കോൺഗ്രസ് വിട്ടു, ജെ.ഡി.എസ് ടിക്കറ്റിൽ ബെല്ലാരി സിറ്റിയിൽ മത്സരിക്കും
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ പാർട്ടി മാറ്റം വീണ്ടും തുടരുന്നു. മുൻ എം.എൽ.എ അനിൽ ലാഡ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ജനതാദൾ സെക്കുലറിൽ (ജെ.ഡി.എസ്) ചേർന്നു. ജെ.ഡി.എസ് ടിക്കറ്റിൽ ബെല്ലാരി സിറ്റി മണ്ഡലത്തിൽ അനിൽ ലാഡ് മത്സരിക്കും.
കോൺഗ്രസ് ബന്ധം അവസാനിക്കുന്നതായി പ്രഖ്യാപിച്ച അനിൽ ലാഡ് ഇന്നലെ അർധരാത്രിയാണ് ജെ.ഡി.എസിൽ ചേർന്നത്. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അനിൽ പാർട്ടി ടിക്കറ്റ് അനുവദിച്ച് കൊണ്ടുള്ള സമ്മതപത്രം ഏറ്റുവാങ്ങി.
മുൻ രാജ്യസഭാംഗമായിരുന്ന അനിൽ ലാഡിനെ 16,085 കോടിയുടെ അനധികൃത ഖനനക്കേസിൽ 2015ൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഖനന കേസിൽ പ്രതിയായതിന് പിന്നാലെ സിദ്ദരാമയ്യ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാറിൽ അംഗമാക്കിയിരുന്നില്ല.
കഴിഞ്ഞ ദിവസം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഷെട്ടാർ ബി.ജെ.പിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ ഷെട്ടാർ മത്സരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി.ജെ.പിക്ക് കനത്ത പ്രഹരം നൽകിയാണ് ജഗദീഷ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ആറു തവണ എം.എൽ.എയായ 67കാരനായ ഷെട്ടാർ, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഞായറാഴ്ച എം.എൽ.എ പദവിയും ബി.ജെ.പി അംഗത്വവും രാജിവെച്ച ഷെട്ടാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.