ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
text_fieldsബംഗളൂരു/മംഗളൂരു: ഗഡഗ് ജില്ലയിലെ നരഗുണ്ട ടൗണിലും ദക്ഷിണ കന്നട ജില്ലയിൽ ഉപ്പിനങ്ങാടിയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചു പേർ മരിച്ചു.
ഗഡഗിൽ ഒരേ കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഹുബ്ബള്ളി-സൊല്ലപ്പുർ ദേശീയ പാതയിൽ നരഗുണ്ടയിൽ കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് നാലുപേരുടെ ജീവൻ പൊലിഞ്ഞത്. ഹാവേരി സിറ്റിയിൽ മഞ്ചുനാഥ നഗർ സ്വദേശി രുദ്രപ്പ അൻഗഡി(55), ഭാര്യ ശോഭ അൻഗഡി(45),മകൾ ഐശ്വര്യ അൻഗഡി(16), മകൻ വിജയ് കുമാർ അൻഗഡി(12) എന്നിവരാണ് മരിച്ചത്.
ഇലക്കൽ ടൗണിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് വരുകയായിരുന്ന ബസുമായി എതിരെ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ചതഞ്ഞ കാറിൽ നിന്ന് ഏറെ ശ്രമം നടത്തിയാണ് അപകടത്തിൽ പെട്ടവരെ ശരഗുണ്ട പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.
ഇലക്ട്രിക്കൽ കരാറുകാരനും ഇലട്രിക്ക് എഞ്ചി.അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ ദുദ്രപ്പയും കുടുംബവും കല്ലപുര ബസവേശ്വര ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഗഡഗ് ജില്ല പൊലീസ് സൂപ്രണ്ട് ബി.എസ്.നെമഗൗഡ സംഭവസ്ഥലം സന്ദർശിച്ചു.
ഉപ്പിനങ്ങാടി അമേയ് പെർനെ ഗ്രാമത്തിൽ പച്ചക്കറി കയറ്റിയ മിനി ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ അർജുൻ സിങാണ് (32) മരിച്ചത്.
മൂന്ന് പേർക്ക് പരുക്കേറ്റു. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിങിനെ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.ബസ് ഡ്രൈവർ പർശ്വനാഥ്(49)യാത്രക്കാരായ പവൻകുമാർ (40),ബ്രഹ്മി(10)എന്നിവർ ചികിത്സയിൽ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.