ലോകായുക്ത ചമഞ്ഞ് തട്ടിപ്പ്; ആന്ധ്ര സ്വദേശി അറസ്റ്റിൽ
text_fieldsമംഗളൂരു: ലോകായുക്തയെന്ന വ്യാജേന സോമേശ്വര നഗരസഭ റവന്യൂ ഉദ്യോഗസ്ഥനെയും ജീവനക്കാരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തെന്ന പരാതിയിൽ ആന്ധ്ര സ്വദേശിയെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലഗുട്ട്ലപള്ളി ഗ്രാമത്തിൽ നിന്നുള്ള ധനഞ്ജയ റെഡ്ഡി ടോട്ടയാണ് (31) അറസ്റ്റിലായത്.
സോമേശ്വര നഗരസഭ റവന്യൂ ഓഫിസർ പുരുഷോത്തമിനെ വാട്സ്ആപ് കാൾ വഴി ബന്ധപ്പെടുകയും ലോകായുക്ത ഉദ്യോഗസ്ഥനെന്ന നിലയിൽ പുരുഷോത്തമിനെതിരെ ആരോപണമുണ്ടെന്ന് പ്രതി അവകാശപ്പെടുകയും ചെയ്തു. പിന്നീട് പ്രശ്നം ‘പരിഹരിക്കാൻ’ പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പുരുഷോത്തമൻ ട്രൂകാളർ വഴി വിളിച്ചയാളുടെ ഐഡന്റിറ്റി പരിശോധിച്ചപ്പോൾ, ഡി. പ്രഭാകര, ലോകായുക്ത പി.ഐ എന്ന പേര് കണ്ടു. എന്നാൽ, മംഗളൂരുവിലെ കർണാടക ലോകായുക്ത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
സമാനമായ സംഭവത്തിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അല്ലി നായർ കൃഷ്ണക്കും പണം ആവശ്യപ്പെട്ട് ഭീഷണി കാളുകൾ വന്നിരുന്നു. 2019ൽ ധനഞ്ജയ റെഡ്ഡി ടോട്ടക്ക് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്ത ചരിത്രമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഇയാൾക്കെതിരെ ചിക്കബെല്ലാപുർ ജില്ലയിലെ ഗൗരിബിദാനൂർ പൊലീസ് സ്റ്റേഷനിലും ഹൈദരാബാദിലെ ഷാബാദ് പൊലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉള്ളാൾ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരായ രഞ്ജിത് കുമാർ, ആനന്ദ് ബാഡ്ഗി, മഞ്ജുനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.