കർണാടകയിൽ ഇനി എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര
text_fieldsബംഗളൂരു: കർണാടകയിൽ സർക്കാർ ബസുകളിൽ ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ഇനി സൗജന്യ യാത്ര. പ്രത്യേക പാസുള്ള എല്ലാ വനിതകൾക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം. സൗജന്യ ബസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെയും മാനേജിങ് ഡയറക്ടർമാരുടെ യോഗം വിളിച്ചിരുന്നു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) , നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാല് സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൊതു ബസ് ഗതാഗതം നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇതിലെ എല്ലാ വനിതാ യാത്രക്കാർക്കും സൗജന്യ യാത്ര നടത്താനാകും.
കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. സൗജന്യ യാത്രയുമായി ബന്ധപ്പെട്ട അനുകൂല പ്രതികൂല വാദങ്ങള് യോഗത്തിൽ ഉണ്ടായതായും പദ്ധതിയുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് മന്ത്രിസഭാ യോഗം നടക്കുന്നുണ്ട്. ഇതിനുശേഷം പദ്ധതി സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽതന്നെ പ്രഖ്യാപനമുണ്ടായിരുന്നു. നാല് കോർപറേഷനുകളിലുമായി ആകെ 23,978 ബസുകളാണുള്ളത്. ദിനേന 82.51 ലക്ഷം യാത്രക്കാരാണുള്ളത്. ഇതിൽ പകുതിയും വനിതകളാണ്. കോൺഗ്രസ് വാഗ്ദാനം നൽകിയതിനാൽ നിലവിൽത്തന്നെ ചില സ്ത്രീ യാത്രക്കാർ ബസുകളിൽ ടിക്കറ്റ് എടുക്കാൻ തയാറാകുന്നില്ല. ഇതിനാൽ എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കണമെന്ന് ട്രാൻസ്പോർട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പദ്ധതി നടപ്പാക്കുമ്പോഴുള്ള ചെലവ് കണക്കാക്കി ആ തുക സർക്കാർ മുൻകൂട്ടി ട്രാൻസ്പോർട്ട് കോർപറേഷന് അനുവദിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊതുബസുകളിൽ യാത്ര ചെയ്ത്, പാർട്ടി അധികാരത്തിലേറിയ ഉടൻ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.