സൗജന്യ ബസ് യാത്ര കർണാടക സ്ഥിരതാമസക്കാർക്കു മാത്രം
text_fieldsബംഗളൂരു: കർണാടകയിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്കു മാത്രം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ശക്തി’ പദ്ധതി ജൂൺ 11 മുതലാണ് നടപ്പിൽവരുക. എന്നാൽ, കർണാടകയിൽ സ്ഥിരമായി താമസിക്കുന്നുവെന്ന രേഖകളുള്ള വനിതകൾക്കു മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുകയെന്ന് പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥിനികൾ, ഭാഷാന്യൂനപക്ഷങ്ങൾ എന്നിവരും ആനുകൂല്യത്തിന് അർഹരാണ്.
യാത്ര ചെയ്യുന്നതിന് വനിതകൾക്ക് പ്രത്യേക പാസായ ശക്തി സ്മാർട്ട് കാർഡ് അനുവദിക്കും. ഇതിന് സർക്കാറിന്റെ പോർട്ടലായ സേവാസിന്ധുവിൽ അപേക്ഷ നൽകണം. മൂന്നുമാസമാണ് അപേക്ഷിക്കാനുള്ള സമയം. നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല, ഓൺലൈനായി മാത്രമായിരിക്കും അപേക്ഷ. കാർഡ് വിതരണം ചെയ്യുന്നതുവരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് സൗജന്യ യാത്ര നടത്താം. ഇവർക്ക് കണ്ടക്ടർ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും.
ഭിന്നലിംഗക്കാർക്കും സൗജന്യ യാത്ര അനുവദിക്കും. പദ്ധതിക്ക് അർഹരായവർ യാത്രചെയ്യുന്ന ദൂരം കണക്കാക്കി അതിന്റെ തുക അതത് ട്രാൻസ്പോർട്ട് കോർപറേഷന് സർക്കാർ നൽകുകയാണ് ചെയ്യുക. നിലവിൽ 40 ലക്ഷം സ്ത്രീകളാണ് കർണാടകയിൽ സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നത്. പുതിയ പദ്ധതി വരുന്നതോടെ പത്തു ശതമാനംകൂടി കൂടും. വർഷം 4700 കോടി രൂപയാണ് പദ്ധതിചെലവ് കണക്കാക്കുന്നത്.
ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര?
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാലു സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൊതുബസ് ഗതാഗതം നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇതിന് കീഴിലുള്ള ബസുകളിലാണ് സൗജന്യ യാത്ര നടത്താനാകുക.
ഇതിൽ ബി.എം.ടി.സി ബസുകൾ ഒഴികെയുള്ള മറ്റു മൂന്നിലും 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്ക് സംവരണം ചെയ്യും. സംസ്ഥാനത്തിനകത്ത് സർവിസ് നടത്തുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ആനുകൂല്യം ലഭ്യമാണ്.
സംസ്ഥാനത്തിന് പുറത്തേക്ക് ഓടുന്ന ബസുകളിൽ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുകയാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല. ഉദാഹരണത്തിന്, മൈസൂരുവിൽനിന്ന് കേരളത്തിലെ കോഴിക്കോട്ടേക്കു പോകുന്ന ബസിൽ കർണാടകയിലെ ഗുണ്ടൽപേട്ട് വരെ ഈ പദ്ധതിയിൽ യാത്ര സാധ്യമല്ല.
ആഡംബര ബസുകളായ രാജഹംസ, നോൺ എ.സി സ്ലീപ്പർ, വജ്ര, വായു വജ്ര, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഗോൾഡ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ് ഫ്ലൈ ബസ്, ഇ.വി. പവർ പ്ലസ് എന്നിവയിൽ ഈ യാത്ര അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.