ബംഗളൂരു നഗരത്തിൽ സൗജന്യ പാർക്കിങ് ഇല്ലാതാകും, വരുന്നു പെയ്ഡ് പാർക്കിങ്
text_fieldsബംഗളൂരു: നഗരത്തിന്‍റെ വിവിധയിടങ്ങളിൽ പെയ്ഡ് പാർക്കിങ് സംവിധാനമൊരുക്കാൻ ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി). നഗരത്തിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നതുമൂലമുള്ള വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെയ്ഡ് പാർക്കിങ് സംവിധാനമൊരുക്കാൻ നടപടി തുടങ്ങിയത്.
ഇതിനായി ബി.ബി.എം.പി ടെൻഡർ ക്ഷണിച്ചു. 2021 ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച പാർക്കിങ് നയപ്രകാരം നഗരത്തിലെ സൗജന്യ പാർക്കിങ് അവസാനിപ്പിച്ച് എല്ലായിടത്തും പെയ്ഡ് പാർക്കിങ് സൗകര്യമൊരുക്കാനാണ് ബി.ബി.എം.പി ഒരുങ്ങുന്നത്. ഇതിലൂടെ നഗരത്തിൽ സ്വകാര്യവാഹനങ്ങൾ എത്തുന്നത് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതിയിലൂടെ വർഷത്തിൽ 188 കോടി രൂപ നേടാൻ കഴിയുമെന്നും ബി.ബി.എം.പി പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റാണ് വിശദമായ പഠനം നടത്തിയത്.
നഗരത്തിലെ എട്ടു സോണുകളിൽ പദ്ധതി നടത്താനാണ് ഒരുങ്ങുന്നത്. ഇരുചക്ര-നാലുചക്ര വാഹനങ്ങൾക്കരികിൽതന്നെ സൈക്കിളുകൾ അടക്കം മൈക്രോ മൊബിലിറ്റി വാഹനങ്ങൾക്കും ലോഡിങ്-അൺലോഡിങ് വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമൊരുക്കും. രണ്ടു ദിവസങ്ങൾക്കുള്ളിൽ പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ അയക്കാൻ കഴിയുമെന്ന് ബി.ബി.എം.പി അറിയിച്ചു. വിവിധ റോഡുകളെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചാണ് പാർക്കിങ് ഫീസ് തീരുമാനിക്കുകയെന്ന് ട്രാഫിക് എൻജിനീയറിങ് സെൽ അധികൃതർ പറഞ്ഞു.
രാവിലെ ഏഴു മുതൽ രാത്രി 10 വരെ 12 മുതൽ 15 മണിക്കൂർ വരെയായിരിക്കും പാർക്കിങ് സൗകര്യം ലഭ്യമാകുക. റോഡുകളെ തിരക്കും വിപണിമൂല്യവും അടിസ്ഥാനമാക്കി എ, ബി, സി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് തരംതിരിക്കുക. 'എ' വിഭാഗത്തിൽ ഇരുചക്രവാഹനങ്ങൾക്ക് 15 രൂപ, നാലുചക്രവാഹനങ്ങൾക്ക് 30 രൂപ എന്നിങ്ങനെയായിരിക്കും ഫീസ്. 'ബി' കാറ്റഗറിയിൽ ഇരുചക്രങ്ങൾക്ക് 10 രൂപ, കാറുകൾക്ക് 20 രൂപ എന്നിങ്ങനെയായിരിക്കും ഫീസ്. എന്നാൽ ഫീസ്, സമയം എന്നിവ സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.