ഫ്രീഡം പാർക്ക് പാർക്കിങ് സമുച്ചയം ബി.ബി.എം.പി നടത്തും
text_fieldsബംഗളൂരു: ഫ്രീഡം പാർക്കിന് സമീപത്തെ പാർക്കിങ് സമുച്ചയം ബി.ബി.എം.പി തന്നെ നേരിട്ട് നടത്തും.ഏഴുതവണ ടെൻഡർ ക്ഷണിച്ചിട്ടും നടത്തിപ്പിന് ആളെക്കിട്ടാത്തതിനാലാണ് ടെൻഡർ ക്ഷണിക്കുന്നത് അവസാനിപ്പിച്ച് നേരിട്ട് നടത്തിപ്പ് ഏറ്റെടുക്കാനുള്ള തീരുമാനം. 556 കാറുകൾക്കും 445 ഇരുചക്രവാഹനങ്ങൾക്കും നിർത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 80 കോടി രൂപയാണ് നിർമാണച്ചെലവ്. 2020ൽ പണി പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തിക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഏറെ കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു ഇത്.
കഴിഞ്ഞമാസം നടന്ന ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. നിർമാണം പൂർത്തിയായ ഉടനെ നടത്തിപ്പിന് സ്വകാര്യ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ആരുമെത്തിയില്ല. പിന്നീട് നടന്ന ടെൻഡറിൽ വരുമാനത്തിന്‍റെ 80 ശതമാനം തുക തങ്ങൾക്ക് നൽകണമെന്ന നിബന്ധനയാണ് കമ്പനികൾ മുന്നോട്ടുവെച്ചത്.
ഇതുനിരസിച്ച ബി.ബി.എം.പി. പ്രതിവർഷ വാടക എട്ടുകോടി രൂപയായി നിശ്ചയിച്ച് വീണ്ടും ടെൻഡർ ക്ഷണിച്ചെങ്കിലും ആരും വന്നില്ല. പിന്നീട് തുക നാലുകോടിയായി കുറച്ചെങ്കിലും ടെൻഡർ പൂർത്തിയാക്കാൻ ബി.ബി.എം.പി.ക്ക് കഴിഞ്ഞില്ല. നിലവിൽ ഫ്രീഡം പാർക്കിലും സമീപപ്രദേശങ്ങളിലും എത്തുന്നവർ ഇടവഴികളിൽ വാഹനം നിർത്തുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബി.ബി.എം.പി.ക്ക് കീഴിലുള്ള ട്രാഫിക് എൻജിനീയറിങ് സെല്ലിനായിരിക്കും സമുച്ചയത്തിന്‍റെ നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.