ഇന്ധനവില വർധന; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
text_fieldsബംഗളൂരു: ഇന്ധനവില വർധനക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് കൂടിയത്. പ്രാബല്യത്തില്‍ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സർക്കാർ നല്കിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബി.ജെ.പിയും ജെ.ഡി.എസും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗ്യാരന്റികള്‍ നടപ്പിലാക്കാൻ ജനങ്ങളെ തന്നെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ക്ഷേമപദ്ധതികള്‍ക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിശദീകരണം. ബംഗളൂരുവില്‍ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ് പുതുക്കിയ വില. പ്രതിവർഷം 2500-2800 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനയിലൂടെ സർക്കാറിന് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.