ജീവകാരുണ്യപ്രവൃത്തികൾക്ക് ധനസമാഹരണം; വിതരണം ചെയ്തത് 22,000 ബിരിയാണിപ്പൊതികൾ
text_fieldsബംഗളൂരു: ആ ബിരിയാണിപ്പൊതികൾക്ക് സഹജീവിസ്നേഹത്തിന്റെ സ്വാദായിരുന്നു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയാണ് ജീവകാരുണ്യപ്രവൃത്തികൾക്ക് ധനസമാഹരണം നടത്താനായി ബിരിയാണി ചലഞ്ച് നടത്തിയത്.
22,000 ബിരിയാണിപ്പൊതികളാണ് ബംഗളൂരു നഗരത്തില്‍ വിതരണം ചെയ്തത്. 2019ല്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച ബംഗ്ലൂരു കേന്ദ്രീകരിച്ചുള്ള കേരള മാതൃകയിലുള്ള സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനായി ഫണ്ട് സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
വിവിധ ഏരിയ കമ്മിറ്റികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തുക ഏറ്റെടുത്ത് നഗരത്തിലെ വിവിധ ചേരിപ്രദേശങ്ങളിലും വൃദ്ധസദനങ്ങളിലും ബിരിയാണിപ്പൊതികള്‍ സൗജന്യമായും വിതരണംചെയ്തു. ബംഗളൂരു കേന്ദ്രമായി ആരംഭിച്ച പാലിയേറ്റിവ് ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കുടക്, മൈസൂര്‍, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഓരോ മാസവും കാന്‍സര്‍, പക്ഷാഘാതം, കിടപ്പു ഗികള്‍ ഉള്‍പ്പെടെ 3000ത്തിലധികം രോഗികള്‍ക്കാണ് ഇതിന്റെ പരിചരണം ലഭിക്കുന്നത്.
ഡോക്ടര്‍, നഴ്സ്, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായാണ് നല്‍കിവരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് 2020ല്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസും 2022ല്‍ ചെന്നൈ കേന്ദ്രീകരിച്ച് ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും ആരംഭിച്ചത്. എന്നാല്‍, ബംഗളൂരു പോലൊരു നഗരത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു ബിരിയാണി ചലഞ്ച്.
ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിലായിരുന്നു പാചകപ്പുര ക്രമീകരിച്ചത്. മുസ്തഫ നീര്‍വേലിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പാചകത്തിന് നേതൃത്വം നല്‍കിയത്. എ.ഐ.കെ.എം.സി.സി പ്രസിഡൻന്റ് ടി. ഉസ്മാന്, ഡോ. എം.എ. അമീറലി, അബ്ദുല്ല മാവള്ളി, നാസര്‍ നീലസാന്ദ്ര, വി.കെ. നാസര്‍ ഹാജി, സിദ്ദീഖ് തങ്ങള്‍, ബഷീര്‍ എച്ച്.എസ്.ആര്, സ്വാദിഖ് ബി.ടി.എം, റഷീദ് മൗലവി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.