ഗണേശ ചതുർഥി ആഘോഷം ഇന്ന്
text_fieldsബംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിലേക്ക് നാടുണരുന്നു. ഞായറാഴ്ച ഭക്തരുടെ വീടുകളിൽ ഗൗരി ഗണേശ പൂജകൾ നടന്നു. തിങ്കളാഴ്ച ബംഗളൂരു നഗരത്തിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആഘോഷം നടക്കും. പുലർച്ചെ മുതൽ പൂജ ചടങ്ങുകൾ ആരംഭിക്കും. പ്രത്യേക പൂജകളിൽ പങ്കെടുക്കാൻ ഭക്തർ ക്ഷേത്രങ്ങളിലെത്തും.
തുടർന്ന് ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകൾ നടക്കും. ഇതിന് അൾസൂർ തടാകം, സാങ്കി തടാകം എന്നിവയടക്കം ബംഗളൂരു നഗരത്തിൽ 38 ഇടങ്ങൾ ബി.ബി.എം.പി നിശ്ചയിച്ചിട്ടുണ്ട്. താൽക്കാലിക നിമജ്ജന കേന്ദ്രങ്ങളായി 418 വാട്ടർ ടാങ്കുകളും ഒരുക്കും. വിഗ്രഹ നിമജ്ജനം ആഗ്രഹിക്കുന്നവർ അതത് മേഖലയിലെ ബി.ബി.എം.പിയുടെ സിംഗ്ൾ വിൻഡോ ക്ലിയറൻസ് സെന്ററുകൾ വഴി അപേക്ഷ നൽകണം. നഗരത്തിൽ ഇതിന് 63 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ അനുമതിയില്ല. ഇവക്ക് ബംഗളൂരു നഗരപരിധിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും വർഷങ്ങളായി ബംഗളൂരു നഗരത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസ് ഉൽപന്നങ്ങൾ നിരോധിച്ചത്.
കളിമണ്ണ് പോലുള്ള പദാർഥങ്ങൾ കൊണ്ട് നിർമിച്ചവ ഉപയോഗിക്കാം. പരിസ്ഥിതി സംഘടനകൾക്ക് കീഴിൽ കളിമൺ ഗണേശ പ്രതിമ നിർമാണ ശിൽപശാലകൾ കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ബംഗളൂരു പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷങ്ങളുടെ പേരിൽ റോഡിൽ നിർബന്ധ പിരിവ് പാടില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കും.
വിഗ്രഹങ്ങൾ പൊതുസ്ഥലത്ത് സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങണം, തർക്കഭൂമികളിൽ വിഗ്രഹം സ്ഥാപിക്കരുത്, സി.സി.ടി.വി കാമറകൾ, അഗ്നിരക്ഷ ഉപകരണങ്ങൾ എന്നിവ സംഘാടകർ പന്തലിൽ ഒരുക്കണം, സാംസ്കാരിക പരിപാടികളും വിഗ്രഹ നിമജ്ജന ചടങ്ങുകളും രാത്രി 10ന് അവസാനിപ്പിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
അനിഷ്ട സംഭവങ്ങളുണ്ടായാൽ സംഘാടകർക്കാവും ഉത്തരവാദിത്തമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.