ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: മംഗളൂരു ഉഡുപ്പി-മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ആശിഖ്, റാകിബ്, സഖ്ലൈൻ എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്. രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈക്കുകൾ, വാൾ, കഠാര എന്നിവ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ അറിയിച്ചു. കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണ് ഇരു സംഘങ്ങളിലെയും യുവാക്കൾ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാർ വിൽപനയുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഈ മാസം 18ന് രാത്രിയുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അറിഞ്ഞതും ശനിയാഴ്ച കേസെടുത്തതും. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വാക്കേറ്റത്തിലേർപ്പെടുന്നു, ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുന്നു, എതിർ സംഘത്തിലെ ഒരാൾ മറ്റൊരു സംഘത്തെ ആക്രമിക്കുന്നു, ഇയാൾ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളിൽ വീണ് ചില്ല് തകരുന്നു, ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വരുകയും എതിർസംഘത്തിന്റെ കാറിൽ വീണ്ടും ഇടിക്കുകയും ചെയ്യുന്നു- ഇതാണ് ദൃശ്യങ്ങൾ.
കാർ അതിവേഗത്തിൽ ഓടിച്ച് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുന്നതും അയാൾ ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജൂൺ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.