മണ്ണിടിച്ചിൽ മേഖലയിൽ വാതക ചോർച്ച ഭീതിയൊഴിഞ്ഞു; ഗ്രാമീണർ തിരിച്ചെത്തി
text_fieldsമംഗളൂരു: ഉത്തര കന്നട ഷിരൂർ ദേശീയപാതയിൽ മണ്ണിനൊപ്പം ഗംഗാവാലി പുഴയിൽ വീണ ടാങ്കറിലെ പാചകവാതകം പൂർണമായി നീക്കം ചെയ്യുന്ന പ്രവൃത്തി വെള്ളിയാഴ്ച രാത്രി പൂർത്തിയായി. കാലിയായ ടാങ്കർ രക്ഷാപ്രവർത്തകർ കരയിൽ കയറ്റിവെച്ചതോടെ സഗഡ്ഗേരി ഗ്രാമവാസികൾ ശനിയാഴ്ച അവരവരുടെ വീടുകളിൽ തിരിച്ചെത്തി. ടാങ്കറിൽ നേരിയ ചോർച്ച കണ്ടതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലായി അധികൃതർ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച മണ്ണൊഴുക്കിൽ മാതൃ വാഹനത്തിൽനിന്ന് വേർപെട്ട ടാങ്കർ ഏഴ് കിലോമീറ്റർ അകലെ സഗഡ്ഗേരി ഗ്രാമത്തിൽ രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ടാങ്കർ കയറിൽ കരയിൽ ബന്ധിച്ച് വാതകം ഒഴിവാക്കുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച രാത്രി പൂർത്തിയാക്കിയത്. ഇതിലെ ഡ്രൈവർമാർ നീന്തി രക്ഷപ്പെട്ടു എന്നായിരുന്നു സംഭവദിവസം പൊലീസും അധികൃതരും നിഗമനത്തിൽ എത്തിയിരുന്നത്.
എന്നാൽ, തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ (45), കെ.സി. ചിന്ന (55) എന്നീ ഡ്രൈവർമാരുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്തുനിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഗോകർണ മേഖലയിൽനിന്ന് അടുത്ത ദിവസം ഗംഗാവാലി നദിയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.