ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് ജാമ്യം; സ്വീകരണം ഒരുക്കി തീവ്രഹിന്ദു സംഘടന
text_fieldsബംഗളൂരു: സാമൂഹിക, മാധ്യമ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വൻ സ്വീകരണം ഒരുക്കി തീവ്രഹിന്ദുത്വ സംഘടന.
ആറുവർഷം ജയിലില്‍ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ബംഗളൂരു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ചയാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വിജയപുരയിലെ സ്വന്തം നാട്ടിലെത്തിയ ഇരുവരെയും തീവ്രഹിന്ദു പ്രവർത്തകർ മാലയിട്ടും കാവി ഷാളുകൾ അണിയിച്ച് മുദ്രാവാക്യം മുഴക്കിയും സ്വീകരിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമക്ക് മുന്നിലാണ് ഇരുവർക്കും മാലയിട്ടത്. ശേഷം ഇരുവരും കാലികാ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. അമോൽ കാലെ, രാജേഷ് ഡി. ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേശ് ദേവദേക്കർ, ഗണേഷ് മിസ്കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്കുകൂടി ജാമ്യം അനുവദിച്ചിരുന്നു.
2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് തെക്കൻ ബംഗളൂരുവിലെ സ്വന്തം വസതിക്ക് മുന്നിൽ വെടിയേറ്റ് മരിച്ചത്. ഇടതുപക്ഷ അനുകൂല നിലപാടുകൾകൊണ്ടുകൂടി ശ്രദ്ധേയയായിരുന്നു ഗൗരി ലങ്കേഷ്. നിരന്തരം ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിലപാടുകൾക്കെതിരെ വിമർശനം ഉന്നയിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വിദ്യാർഥികളും യുവജന സംഘടനകളും ഉൾപ്പെടെ തെരുവിൽ ഇറങ്ങി രാജ്യമാസകലം പ്രതിഷേധം അരങ്ങേറി. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിന് ഒടുവിൽ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.