ഗൗരി ലങ്കേഷ് വധക്കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ എസ്.ഐ.ടി അപ്പീലിന്
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് പ്രതി മോഹൻ നായകിന് ജാമ്യം അനുവദിച്ച കർണാടക ഹൈകോടതി വിധിക്കെതിരെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സുപ്രീംകോടതിയിൽ അപ്പീൽ നൽകും. കേസിൽ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജിയിലാണ് 11ാം പ്രതിയായ ദക്ഷിണ കന്നഡ സുള്ള്യ സംപാജെ സ്വദേശി മോഹൻ നായകിന് (51) ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നത് പ്രതിയുടെ കാരണംകൊണ്ടല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്. വിശ്വനാഥ് ഷെട്ടിയാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെതിരെ പ്രത്യേക വിടുതൽ ഹരജി സമർപ്പിക്കാനാണ് എസ്.ഐ.ടി തീരുമാനം. അതേസമയം, ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായികയും ആക്ടിവിസ്റ്റുമായ കവിത ലങ്കേഷും സുപ്രീംകോടതിയിൽ പ്രത്യേകം ഹരജി നൽകും. ഡൽഹിയിലുള്ള തന്റെ അഭിഭാഷകനോട് ഹരജി ഫയൽ ചെയ്യാൻ നിർദേശിച്ചതായി കവിത ലങ്കേഷ് പറഞ്ഞു.
ഗൗരി ലങ്കേഷ് വധക്കേസിൽ അന്വേഷണ സംഘം സംഘടിത കുറ്റകൃത്യത്തിനെതിരായ വകുപ്പുകൂടി (കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) കേസിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മോഹൻ നായകിനെതിരെ ചുമത്തിയ സംഘടിത കുറ്റകൃത്യ വകുപ്പ് 2021ൽ കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ എസ്.ഐ.ടിയും കവിത ലങ്കേഷും സുപ്രീംകോടതിയെ സമീപിക്കുകയും ഹൈകോടതി വിധി പരമോന്നത കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ബിഡദി കുമ്പളഗോഡിൽ അക്യുപങ്ചർ ക്ലിനിക്കിന്റെ മറവിൽ വീട് വാടകക്കെടുത്ത മോഹൻ നായക് ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കൊല നടന്ന ദിവസം ഒളിവിൽ പാർപ്പിച്ചിരുന്നതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
നേരത്തെ വിചാരണ കോടതിയിൽ ജാമ്യഹരജി നൽകിയിരുന്നെങ്കിലും കഴിഞ്ഞ ജൂലൈ ആറിന് കോടതി തള്ളിയിരുന്നു. ഇതോടെയാണ് മോഹൻ നായക് ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി വധക്കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.