ഓർമകളിൽ നോവായി ഗൗരി; വേർപാടിന് ആറുവർഷം
text_fieldsബംഗളൂരു: ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓർമകളിൽ നിറഞ്ഞ് അനുസ്മരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ആറുവർഷം തികഞ്ഞ സന്ദർഭത്തിലാണ് ബംഗളൂരു ടൗൺഹാളിൽ ജനാധിപത്യ- മതേതര വിശ്വാസികൾ ഒത്തുചേർന്ന് അനുസ്മരണം സംഘടിപ്പിച്ചത്. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയായിരുന്നു ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് വെടിയേറ്റുവീണത്. ഗൗരി വധക്കേസിലെ പ്രതികൾ കുറ്റവാളികളെന്ന് കണ്ടെത്തുന്നതോടെ ഗൗരിക്ക് നീതി ലഭ്യമാവുമെന്ന് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റപത്രത്തിൽ പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാണ്. ഗൗരി ലങ്കേഷിന്റെ മാത്രമല്ല, എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ എന്നിവരുടെ കൊലപാതകങ്ങളിലെ പ്രതികൾകൂടിയായ അവരെ വൈകാതെ കുറ്റക്കാരായി വിധിക്കുമെന്ന് സിദ്ധരാമയ്യ പ്രത്യാശ പ്രകടിപ്പിച്ചു.
മഹാത്മാഗാന്ധിയെ കൊന്നതിലെ പ്രേരണ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിലും. കുടകിലെ ആദിവാസികളുടെ അവകാശത്തിനുവേണ്ടി അവർ ശബ്ദിച്ചു. വർഗീയതക്കും മറ്റു സാമൂഹിക പ്രശ്നങ്ങൾക്കുമെതിരെ എഴുതി. സാമുദായിക സൗഹാർദത്തിനുവേണ്ടിയും പ്രവർത്തിച്ചതുകൊണ്ടാണ് അവരെ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഇതേ ശക്തികൾതന്നെയാണ് ഇപ്പോൾ എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കുംനേരെ ഭീഷണിക്കത്ത് അയക്കുന്നത്. അവരെ നയിക്കുന്ന രാഷ്ട്രീയവികാരം എന്തായാലും എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കുമിടയിൽ ഭയം സൃഷ്ടിക്കാനും സദാചാരഗുണ്ട പ്രവർത്തനത്തിനും ഒരു കാരണവശാലും സമ്മതിക്കില്ല.
ഭീഷണിക്കത്തയക്കുന്നവരെ പിടികൂടി കർശന നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗൗരി ലങ്കേഷുമായും പിതാവ് പി. ലങ്കേഷുമായുമുള്ള തന്റെ ബന്ധം അനുസ്മരിച്ച സിദ്ധരാമയ്യ, താൻ മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഗൗരി ലങ്കേഷ് പലതവണ തന്നെ കണ്ടിരുന്നെന്നും എന്നാൽ, ഒറ്റത്തവണപോലും വന്നത് സ്വന്തം കാര്യത്തിനായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
ജനങ്ങളെ തട്ടുതട്ടായി വിഭജിക്കുന്ന വർണാശ്രമ ധർമമാണ് സനാതന ധർമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആ ചിന്താധാര ഒരിക്കലും സ്വീകാര്യമല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഉന്നത ജാതിക്കാർക്ക് മേൽക്കോയ്മ ലഭിക്കാൻവേണ്ടി സംഘ്പരിവാർ കൊണ്ടുവന്നതാണ് സനാതന ധർമം. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന് നിലവിളിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. മഹാത്മാഗാന്ധിക്ക് പകരം വി.ഡി. സവർക്കറെ പ്രതിഷ്ഠിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പല്ലുംനഖവും ഉപയോഗിച്ച് എതിർക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
അനുസ്മരണച്ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകയും ഗൗരി മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റുമായ ടീസ്റ്റ സെറ്റൽവാദ്, കർഷക നേതാവ് രാകേഷ് ടികായത്ത്, മേഘാലയയിലെ പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ആഞ്ജല രംഗദ്, നടൻ പ്രകാശ് രാജ്, ഗൗരിയുടെ മാതാവ് ഇന്ദിര ലങ്കേഷ്, സഹോദരി കവിത ലങ്കേഷ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.