ജോഡോ യാത്രയിൽ ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയും
text_fieldsബംഗളൂരു: കർണാടകയിൽ ഹിന്ദുത്വശക്തികളാൽ കൊലചെയ്യപ്പെട്ട മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ മാതാവ് ഇന്ദിര, സഹോദരി കവിത എന്നിവർ കോൺഗ്രസ് ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായി. വെള്ളിയാഴ്ച നടന്ന പര്യടനത്തിലാണ് രാഹുൽ ഗാന്ധിക്കൊപ്പം അവർ പദയാത്രയിൽ നടന്നത്. ഞാൻ ഗൗരി ലങ്കേഷിനും അതുപോലെ ഇന്ത്യയുടെ യഥാർഥ ആശയത്തോടൊപ്പം നിൽക്കുന്ന നിരവധിയായ മറ്റ് ആളുകൾക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
'ഗൗരി സത്യത്തിനുവേണ്ടി നിലകൊണ്ടു', 'ഗൗരി നിര്ഭയയായി നിലകൊണ്ടു', 'ഗൗരി സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു' എന്നും ഇത്തരത്തിലുള്ള വ്യക്തികളുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ഇതിനെ നിശ്ശബ്ദമാക്കാൻ കഴിയില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
2017 സെപ്റ്റംബര് അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില് തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രക്ക് എല്ലായിടങ്ങളിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിൽ നടന്ന യാത്രയിൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി പങ്കെടുത്തിരുന്നു. ആകെ 21 ദിവസത്തിൽ 511 കിലോമീറ്റർ ദൂരമാണ് യാത്ര കർണാടകയിൽ പര്യടനം നടത്തുക. തുടർന്ന് തെലങ്കാനയിലേക്ക് പ്രവേശിക്കും. യാത്ര കർണാടക വിടുംമുമ്പ് ബെള്ളാരിയിൽ പൊതുസമ്മേളനം നടക്കുന്നുണ്ട്. ഇതിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
അതേസമയം, യാത്ര പ്രതിഫലനം ഉണ്ടാക്കില്ലെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും യാത്രയെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണവർ. ഇതിന്റെ ഭാഗമായി ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തും. മുഖ്യമന്ത്രി ബൊമ്മൈയും മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പയും നയിക്കുന്ന മറ്റു റാലികളും നടത്തുന്നുണ്ട്. യാത്രയിൽ പങ്കെടുത്തുവന്നിരുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്യലിനായി ഡൽഹിക്ക് വിളിപ്പിച്ചതും യാത്രയെക്കുറിച്ച് ബി.ജെ.പിക്കുള്ളിൽ വളരുന്ന ആശങ്കയാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.