ഗസ്സ കൂട്ടക്കുരുതി: ലോക മനഃസാക്ഷി ഉണരണം -കാന്തപുരം
text_fieldsബംഗളൂരുവിൽ റൂഹാനി ഇജ്തിമയുടെ സമാപന സംഗമം അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനഃസാക്ഷി ഉണരണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ബംഗളൂരുവിൽ റൂഹാനി ഇജ്തിമയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറുകൾ ലംഘിച്ച് ഇസ്രായേൽ തുടരുന്ന ആക്രമണം അഹങ്കാരത്തിന്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം പറഞ്ഞു.
പ്രാർഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്നും വിശുദ്ധ മാസത്തിൽ ലോക സമാധാനത്തിനും ഫലസ്തീന്റെ മോചനത്തിനും വേണ്ടി പ്രാർഥിക്കണമെന്നും കാന്തപുരം അഭ്യർഥിച്ചു. വൈകീട്ട് നാലോടെ ആരംഭിച്ച പരിപാടി പുലർച്ച നാലോടെ അവസാനിച്ചു. സൈനുദ്ദീൻ തങ്ങൾ പ്രാർഥന മജ്ലിസിനും സമാപന പ്രാർഥനക്കും നേതൃത്വം നൽകി.
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് അഫ്സലുദ്ദീൻ ജുനൈദ്, ഹസ്റത് മൗലാന മുഹമ്മദ് ഹാറൂൻ, സി.എം. ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശബീറലി ഹസ്റത് അധ്യക്ഷത വഹിച്ചു. ഉസ്മാൻ ശരീഫ് സ്വാഗതവും ജലീൽ ഹാജി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.