യാത്രക്കൊരുങ്ങി ബൈയപ്പനഹള്ളി -കെ.ആർ പുരം മെട്രോപാത
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെ.ആർ പുരം പാത യാത്രക്കൊരുങ്ങുന്നു. കഴിഞ്ഞദിവസം പാതയിൽ നടന്ന റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന പൂർത്തിയായി. 29ന് ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബി.എം.ആർ.സി അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന, കേന്ദ്ര സർക്കാറുകളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാകും അന്തിമ തീയതി പ്രഖ്യാപിക്കുക. ദക്ഷിണ പശ്ചിമ റെയിൽവേ സുരക്ഷ കമീഷണർ ആനന്ദ് മധുകർ ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധന എട്ടു മണിക്കൂർ നീണ്ടു.
2.5 കിലോമീറ്ററുള്ള പാതയിലെ തൂണുകളുടെ ഉറപ്പ്, സിഗ്നലിങ് സംവിധാനം, ട്രെയിനുകളുടെ വേഗപരിധി ഉൾപ്പെടെ പരിശോധിച്ചു. കെ.ആർ പുരം, ബൈയപ്പനഹള്ളി, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലെ എസ്കലേറ്ററും ലിഫ്റ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിലയിരുത്തി. ബെന്നിഗനഹള്ളിക്കും കെ.ആർ പുരത്തിനും ഇടയിൽ ബംഗളൂരു-ചെന്നൈ റെയിൽവേ പാതക്ക് കുറുകെ നിർമിച്ച ഇരുമ്പ് പാലത്തിന്റെ സുരക്ഷയും പരിശോധിച്ചു. സർവിസ് ആരംഭിക്കുന്നതിനുള്ള അനുമതി നൽകുന്നതു സംബന്ധിച്ച അന്തിമ തീരുമാനം കമീഷണർ അറിയിക്കും. ഇതിനുശേഷമാകും പാതയിൽ പൊതുജനങ്ങൾക്കുള്ള സർവിസ് ആരംഭിക്കുക.
പുതിയ പാത പ്രധാന ടെക് മേഖലയായ വൈറ്റ്ഫീൽഡിലെ കൂടുതൽ കമ്പനി ജീവനക്കാരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കും. ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർ.വി റോഡ്-ബൊമ്മസന്ദ്ര 19 കിലോമീറ്റർ പാതയിൽ ഈ വർഷം അവസാനം സർവിസ് ആരംഭിക്കുമെന്നതും ഐ.ടി മേഖലയെ മെട്രോയിലേക്ക് അടുപ്പിക്കുന്നുണ്ട്.
അതിനിടെ ഈ പാതക്കൊപ്പം തുറക്കുമെന്ന പ്രഖ്യാപിച്ച ചല്ലഘട്ടെ-കെങ്കേരി പാതയുടെ ഉദ്ഘാടനം വൈകാനാണ് സാധ്യത. 1.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ റെയിൽവേ സുരക്ഷ കമീഷണറുടെ സുരക്ഷ പരിശോധന നീളുകയാണ്. ചല്ലഘട്ടെ മുതൽ വൈറ്റ്ഫീൽഡ് വരെ 42.49 കി.മീറ്റർ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഇരുപാതകളും ഒരുമിച്ച് തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബൈയപ്പനഹള്ളി-കെ.ആർപുരം പാതയിൽ ഉടൻ സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ ഇരു പാതകളും രണ്ടുഘട്ടങ്ങളിലായാണ് തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.