കർണാടകയിൽ ഗിഫ്റ്റ് സിറ്റി മോഡൽ പദ്ധതിക്ക് മോദി അനുമതി നൽകിയില്ല -ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ ഗിഫ്റ്റ് (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്) സിറ്റി പോലുള്ള സോൺ അനുവദിക്കാനുള്ള കർണാടക സർക്കാർ നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.വ്യാഴാഴ്ച വിധാൻ സൗധയിൽ നോളജ്, വെൽബീയിങ്, ഇന്നവേഷൻ (കെവിൻ) സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ശിവകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും അടുത്തിടെ ഡൽഹി സന്ദർശന വേളയിൽ കർണാടകക്ക് ഒരു ഗിഫ്റ്റ് സിറ്റി അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. അനുവദിക്കില്ലെന്നും നിലവിലുള്ള ഗിഫ്റ്റ് സിറ്റി സാമ്പത്തിക കേന്ദ്രമായി തുടരുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. 2015 ഏപ്രിലിലാണ് ഗാന്ധിനഗറിൽ ഗിഫ്റ്റ് സിറ്റി സ്ഥാപിച്ചത്. 886 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇത് ആഗോള ധനകാര്യ സ്ഥാപനങ്ങൾക്കും പ്രത്യേക സാമ്പത്തിക മേഖലകൾക്കും ആതിഥേയത്വം വഹിക്കുന്നു.ക്വിൻ സിറ്റി ഒരു ലക്ഷ്യത്തോടെ നിർമിച്ചതിനാൽ കോൺക്രീറ്റ് കാടാകില്ലെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സുസ്ഥിര നഗരമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ‘നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കൂടുതൽ ഊർജസ്വലമായ ഒരു കർണാടക സൃഷ്ടിക്കാം. കർണാടക കേന്ദ്രീകരിച്ച് ഇന്ത്യ കൂടുതൽ ശക്തമാകും -ബംഗളൂരു വികസന മന്ത്രി കൂടിയായ ശിവകുമാർ പറഞ്ഞു. ചിക്കബല്ലാപുരയിൽ ദൊബാസ്പേട്ടക്കും ദൊഡ്ഡബല്ലാപുരക്കും ഇടയിൽ ക്വിൻ സിറ്റി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
5800 ഏക്കറിൽ സ്ഥാപിക്കുന്ന ക്വിൻ സിറ്റി ആരോഗ്യ സംരക്ഷണം, ബയോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,00,000 താമസക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ക്വിൻ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. 465 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു സോളാർ ഫാമും ഇതിന്റെ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.