മറിഞ്ഞ ഓട്ടോ ഉയർത്തിപ്പിടിച്ച് മാതാവിനെ രക്ഷിച്ച് ഏഴാം ക്ലാസുകാരി
text_fieldsമംഗളൂരു: പാത മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് വീണ മാതാവിനെ രക്ഷിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി വൈഭവിക്ക് അനുമോദനം അറിയിച്ച് മുഖ്യമന്ത്രിയും. മറിഞ്ഞ ഓട്ടോ ഉയർത്തിപ്പിടിച്ച് മാതാവിനെ പുറത്തെടുത്ത് വൈഭവി ആശുപത്രിയിൽ എത്തിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ അനുമോദിച്ച് ട്വീറ്റ് ചെയ്തത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാമനഗരയിൽ ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വൈഭവിയെ കൊണ്ടുപോവാൻ വരുകയായിരുന്നു മാതാവ് രേവതി. അപകടം കണ്ടയുടൻ തന്റെ പരമാവധി ശക്തി ഉപയോഗിച്ച് ഓട്ടോറിക്ഷ ഉയർത്തിപ്പിടിച്ച്, ഞെരിയുകയായിരുന്ന മാതാവിനെ രക്ഷിച്ചു. കാഴ്ചക്കാരിലധികവും രംഗം വിഡിയോയിൽ പകർത്താൻ ശ്രദ്ധിച്ചപ്പോൾ ഏതാനും പേർ വൈഭവിയുടെ സഹായത്തിനെത്തി. നട്ടെല്ലിന് ക്ഷതമേറ്റ മാതാവ് രേവതി സൂറത്ത്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ മനഃസാന്നിധ്യത്തേയും ധൈര്യത്തേയും അനുമോദിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ‘‘അപകടം കണ്ടവർ രക്ഷാപ്രവർത്തനത്തിന് പകരം രംഗം അവരവരുടെ ഫോണിൽ വിഡിയോ എടുക്കുന്നതാണ് ഞാൻ മാധ്യമങ്ങളിൽ കണ്ടത്. ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്ന വളരെ മോശം പ്രവണതയാണിത്. ഓരോ നിമിഷവും നിർണായകമാവുന്ന വാഹനാപകടം, തീപിടിത്തം, ഹൃദയാഘാതം തുടങ്ങിയ സന്ദർഭങ്ങളിൽ മാനവികത എങ്ങനെ ഉണർന്നുപ്രവർത്തിക്കണം എന്നതിന് ഉദാത്ത മാതൃകയാണ് ഈ പെൺകുട്ടി’’ -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.