കുടകിൽ പച്ചമേലാപ്പിനു മേലെ ചില്ലുപാലം തുറന്നു
text_fieldsബംഗളൂരു: വിനോദസഞ്ചാരികളുടെ ഇഷ്ട മേഖലയായ കുടകിൽ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പുതിയ കേന്ദ്രം തുറന്നു. നീലാകാശത്തിനു കീഴിലായി കാടിന്റെ പച്ചപ്പ് നുകരാൻ കഴിയുന്ന ‘പാപ്പീസ് ബ്രിഡ്ജ് ഓഫ് കൂര്‍ഗ് ’ എന്ന ഗ്ലാസ് സ്കൈവാക് പാലമാണ് തുറന്നത്.
കർണാടകയിൽ ആദ്യമായാണ് ഇത്തരത്തിൽ ഗ്ലാസ് സ്കൈ വാക് സഞ്ചാരികൾക്കായി തുറക്കുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഗ്ലാസ് പാലമാണിത്. കേരളത്തിൽ വയനാട് ജില്ലയിലെ തൊള്ളായിരംകണ്ടിയിലെ ഇക്കോ പാർക്കിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം. കട്ടിയുള്ള ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ വിശാലമായ കാഴ്ചകള്‍ കാണാനും സാധിക്കും.
ഹരിതവനങ്ങള്‍ക്കും കുന്നുകള്‍ക്കുമിടയിലാണ് പാലം സ്ഥിതിചെയ്യുന്നത്. 78 അടി ഉയരവും 32 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമാണ് പാലത്തിന്. ഏകദേശം അഞ്ചു ടൺ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലത്തില്‍ ഒരേ സമയം 40 മുതല്‍ 50 ആളുകൾക്കുവരെ കയറാം. വിരാജ്പേട്ട എം.എല്‍.എ എ.എസ്. പൊന്നണ്ണ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതിക്കു ദോഷംവരുത്താത്ത പ്രകൃതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുടക് ജില്ലയിലെ വികസനത്തിന് ഈ പാലം സഹായകമാകുമെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.