മാല കവർച്ച; രണ്ടു മലയാളി യുവാക്കൾ ബംഗളൂരു പൊലീസ് പിടിയിൽ
text_fieldsബംഗളൂരു: നഗരത്തിനകത്തും പുറത്തും മാല കവർച്ച പതിവാക്കിയ രണ്ടു മലയാളി യുവാക്കളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. 20 മാല കവർച്ചകേസുകളിൽ സംഘം പ്രതിയാണെന്നും യുവാക്കൾ വ്യാജ കറൻസി റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണെന്നും ജെ.പി നഗർ പൊലീസ് പറഞ്ഞു. എ.എസ്. പ്രദീപ് (38), ഇയാളുടെ സഹായി സനൽ നകുലൻ (32) എന്നിവരെയാണ് ബസവപുരയിലെ വാടക വീട്ടിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ബസവപുരയിൽ താമസിച്ചുവരുകയാണ്.
ജെ.പി നഗർ പൊലീസിൽ ശാന്തി സിദ്ധരാജു എന്നയാൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. തുറന്നിട്ട ജനലിനടുത്ത ടേബിളിൽ വെച്ചിരുന്ന മാല കാണാതായതായി നൽകിയ പരാതിയിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു സാങ്കേതിക സഹായത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്കെത്തുകയായിരുന്നു. ഇവരുടെ വാടക വീട്ടിൽനിന്ന് 3.1 ലക്ഷം രൂപയുടെ വ്യാജ കറൻസിയും കണ്ടെടുത്തു. കവർച്ച ചെയ്യുന്ന മാലകൾ ഉരുക്കിയ ശേഷം ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ച് പണം കൈപ്പറ്റുന്നതാണ് പ്രതികളുടെ രീതിയെന്ന് സൗത്ത് ഡിവിഷൻ ഡി.സി.പി പി. കൃഷ്ണകാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.