സ്വർണക്കടത്ത്: നടി രന്യ റാവുവിന്റെ ജാമ്യ ഹരജി തള്ളി
text_fieldsബംഗളൂരു: ബംഗളൂരു സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി നടി രന്യ റാവുവിന് (33) ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ നടി സമർപ്പിച്ച ജാമ്യ ഹരജി തള്ളി വെള്ളിയാഴ്ച ഉത്തരവായി. നിലവിൽ 15 ദിവസത്തെ ഡി.ആർ.ഐ കസ്റ്റഡിയിൽ കഴിയുകയാണ് രന്യ റാവു. 12.56 കോടി വിലവരുന്ന 14.8 കിലോ സ്വർണമാണ് രന്യ റാവു ദുബൈയിൽനിന്ന് കടത്തിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് തനിക്ക് സ്വർണം കൈമാറിയതെന്നും ഇന്റർനെറ്റ് കാളിലൂടെയാണ് തനിക്ക് ഇതു സംബന്ധിച്ച വിവരം ലഭിച്ചതെന്നും നടി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കന്തൂറ ധരിച്ച് ഉയരമുള്ളയാളാണ് സ്വർണം നൽകാനെത്തിയത്. വിമാനത്താവളത്തിലെ കോഫി കൗണ്ടറിന് സമീപത്തുവെച്ച് സ്വർണം കൈമാറി. ഇയാൾ ആഫ്രിക്കൻ-അമേരിക്കൻ ഇംഗ്ലീഷാണ് സംസാരിച്ചത്. വിമാനത്താവളത്തിലെ ശുചിമുറിയിൽ പോയി സ്വർണം ശരീരത്തിൽ കെട്ടിവെച്ചു. എങ്ങനെ ഇത് ശരീരത്തിൽ കെട്ടിവെക്കണമെന്ന് യൂട്യൂബ് വിഡിയോ കണ്ടു മനസ്സിലാക്കിയിരുന്നു.
ബംഗളൂരു വിമാനത്താവളത്തിന് പുറത്ത് ടീഷോപ്പിന് സമീപം നിർത്തിയിട്ട ഓട്ടോയിൽ സ്വർണം ഏൽപിക്കാനാണ് തനിക്ക് നിർദേശം ലഭിച്ചതെന്നും രന്യ വെളിപ്പെടുത്തി. കേസിൽ പിടിയിലായ ബംഗളൂരുവിലെ ഹോട്ടൽ വ്യവസായി തരുൺ രാജുവിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി ഡി.ആർ.ഐയുടെ ആവശ്യപ്രകാരം, ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബുധനാഴ്ചയാണ് ഡി.ആർ.ഐ സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രത്യേക കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ ഡി.ആർ.ഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി കലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയതോടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിനൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.