ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം; 8000 ഏക്കർ ഭൂമി കണ്ടെത്തി
text_fieldsബംഗളൂരു: ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി തുമകൂരുവിൽ 8000 ഏക്കർ ഭൂമി കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയിൽ ഭാവിയിൽ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകൾ മുൻനിർത്തിയാണ് തുമകൂരുവിൽ വൻകിട വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിർദേശം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും പരമേശ്വര പറഞ്ഞു.
കെംപഗൗഡ വിമാനത്താവളത്തിൽ മൂന്നാം റൺവേക്ക് സർക്കാർ അനുമതി നൽകാതിരുന്നതോടെയാണ് ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) എം.ഡി ഹരി മാരാർ ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതി മുന്നോട്ടുവെച്ചത്. ബംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള രാമനഗരയും പദ്ധതിക്കായി പരിഗണനയിലുള്ള പ്രദേശമാണ്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 96 ശതമാനം വർധനയാണ് ബംഗളൂരു വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. 31.91 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. തൊട്ടുമുമ്പത്തെ വർഷത്തിൽ 16.28 ദശലക്ഷം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 85.2 ശതമാനവും വർധനയുണ്ടായിരുന്നു. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം റൺവേയും ടെർമിനലും പ്രവർത്തനമാരംഭിച്ചിരുന്നു.
ബംഗളൂരുവിനെ കൂടാതെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് നിലവിൽ കർണാടകയിൽനിന്ന് അന്താരാഷ്ട്ര സർവിസുകളുള്ളത്. മംഗളൂരുവിൽനിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ ഏറെയും ഗൾഫ് മേഖലയിലേക്കാണ്. അന്താരാഷ്ട്ര സർവിസുകൾകൂടി മുന്നിൽകണ്ടാണ് നിർദിഷ്ട തുമകുരു വിമാനത്താവള പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നത്. മൈസൂരു, ഹുബ്ബള്ളി, ബെളഗാവി, ശിവമൊഗ്ഗ, കലബുറഗി, ബിദർ എന്നിവിടങ്ങളിൽ നിലവിൽ ആഭ്യന്തര വിമാനത്താവളങ്ങളുണ്ട്. ഹാസനിലും വിജയപുരയിലും ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.